അരവയര്‍ നിറഞ്ഞാല്‍ അത്രയും ഭാഗ്യം... രാജ്യത്ത് അരിവില തിളച്ചുമറിയും...!

ന്യൂഡല്‍ഹി| VISHNU N L| Last Modified തിങ്കള്‍, 16 നവം‌ബര്‍ 2015 (17:04 IST)
പരിപ്പ്, ഉള്ളി വിലകള്‍ കുതിച്ചുയര്‍ന്നതിനു പിന്നാലെ കേന്ദ്രസര്‍ക്കാരിന് പ്രതിസന്ധിയുണ്ടാക്കുന്ന തരത്തില്‍ രാജ്യത്ത് അരികുതിച്ചുയരുമെന്ന് അസോചത്തിന്റെ മുന്നറിയിപ്പ്. 2015-16 വര്‍ഷത്തില്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന അരി ഉത്പാദനം ഏകദേശം പത്ത് കോടി ടണ്ണാണ്.

എന്നാല്‍ മഴയുടെ കുറവ് അരി ഉത്പാദനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ അരിയുടെ സംഭരണം രണ്ടര കോടി ടണ്ണില്‍ നിന്ന് ഒരു കോടി നാല് ലക്ഷം ടണ്ണായി കുറഞ്ഞിരുന്നു. അതിനാല്‍ സംഭരണത്തില്‍ ശ്രദ്ധ വെച്ചില്ലെങ്കില്‍ അരിവില കുതിച്ചുയരുമെന്ന് അസോചം നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.

കരുതല്‍ ശേഖരത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ പൊതു വിപണിയില്‍ അരിയുടെ അളവില്‍ വളരെ കുറവുണ്ടാകുമെന്നും അസോചം പറയുന്നു. നിലവില്‍ അരിയുടെ വിലയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാളും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇതേ സമയം കിലോയ്ക്ക് ശരാശരി 30 രൂപ വിലയുണ്ടായിരുന്ന അരി 25 രൂപയ്ക്കാണ് ഇപ്പോള്‍ വില്‍ക്കുന്നത്. ബസുമതി അരിക്കും വിലക്കുറവുണ്ട്. കഴിഞ്ഞ സീസണില്‍ 65 രൂപ വിലയുണ്ടായിരുന്ന ബസുമതിക്ക് ഇത്തവണ 45 രൂപ മാത്രമാണുള്ളത്. സര്‍ക്കാര്‍ വ്യക്തമായ നിലപാടെടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :