പ്രക്ഷോഭം ഫലം കണ്ടു; ജാട്ടുകള്‍ക്ക് സംവരണം നല്കുമെന്ന് ഹരിയാന സര്‍ക്കാര്‍

ചണ്ഡിഗഡ്| JOYS JOY| Last Modified വെള്ളി, 19 ഫെബ്രുവരി 2016 (19:33 IST)
സംവരണം വേണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന ജാട്ടുകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍. ഇതിനു മുന്നോടിയായി അടുത്ത നിയമസഭ സമ്മേളനത്തില്‍ നിയമനിര്‍മാണം കൊണ്ടുവരുമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ അറിയിച്ചു.

സംവരണം ആവശ്യപ്പെട്ട് ജാട്ട് സമുദായം നടത്തിയ സമരം അക്രമാസക്തമായിരുന്നു. സമരത്തിനിടെ പൊലീസ് നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സംവരണം നൽകാൻ സർക്കാർ തീരുമാനിച്ചത്.

പ്രതിപക്ഷ പാർട്ടി നേതാക്കളോട് നിയമ നിര്‍മ്മാണം കൊണ്ടു വരുന്നതിന് സഹകരിക്കാനും അവരുടെ നിര്‍ദ്ദേശങ്ങൾ ചൂണ്ടിക്കാണിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹരിയാന മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. സമരം അക്രമാസക്തമായതിനെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

കോൺഗ്രസ് നേതാവ് അശോക് തൻവാർ, മുൻ മുഖ്യമന്ത്രി ഭൂപിന്തർ ഹൂഡ തുടങ്ങിയ നേതാക്കൾ സര്‍വ്വകക്ഷിയോഗത്തിൽ പങ്കെടുത്തിരുന്നു. ജാട്ട് സമുദായത്തെ ഒ ബി സിയില്‍ ഉള്‍പ്പെടുത്തുക. ഇ ബി പി ക്വോട്ട 10 ശതമാനത്തില്‍ നിന്നും 20 ശതമാനത്തിലേക്ക് ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാട്ട് സമുദായം സമരം നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :