അര്‍ജുനായുള്ള തിരച്ചില്‍: മലയാളി രക്ഷാപ്രവര്‍ത്തകര്‍ മടങ്ങിയില്ലെങ്കില്‍ ലാത്തി വീശുമെന്ന് കര്‍ണാടക പോലീസ്

police
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 23 ജൂലൈ 2024 (09:30 IST)
police
അര്‍ജുനായുള്ള തിരച്ചില്‍ നടക്കുന്ന ഷിരൂരില്‍ നിന്ന് മലയാളി രക്ഷാപ്രവര്‍ത്തകര്‍ മടങ്ങിയില്ലെങ്കില്‍ ലാത്തി വീശുമെന്ന് കര്‍ണാടക പോലീസ്. ജില്ലാ പോലീസ് മേധാവിയാണ് ഇക്കാര്യം അറിയിച്ചത്. സൈന്യത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഉത്തരവെന്നും പോലീസ് അറിയിച്ചു. രഞ്ജിത്ത് ഇസ്രയേല്‍ നേതൃത്വം നല്‍കുന്ന മലയാളി സംഘത്തോടാണ് മടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട രഞ്ജിത്ത് ഇസ്രയേലിനെ പോലീസ് തള്ളിയെന്നും മലയാളികള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

അതേസമയം അര്‍ജുനായുള്ള തിരച്ചിലിന് നാവികസേനയ്‌ക്കൊപ്പം കരസേനയും ഇന്നിറങ്ങും. ഇനി പുഴ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുക. ലോറി മണ്ണില്‍ പുതഞ്ഞു പോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. ഇത്രയും ദിവസം റോഡില്‍ മണ്ണിനടിയില്‍ ലോറിയുണ്ടെന്ന് സംശയത്തിലായിരുന്നു പരിശോധന നടത്തിയത്. 90ശതമാനം മണ്ണും നീക്കിയെന്നും കരയില്‍ ട്രക്കില്ലെന്നും കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെഗൗഡ അറിയിച്ചിട്ടുണ്ടായിരുന്നു. ഈ മാസം 16 ആയിരുന്നു മണ്ണിടിച്ചില്‍ ഉണ്ടായത്. അതേസമയം 40 മീറ്റര്‍ മാറി പുഴയില്‍ നിന്ന് സിഗ്‌നല്‍ ലഭിച്ചിട്ടുള്ളതായി അറിയിപ്പുണ്ട്. എട്ടു മീറ്റര്‍ ആയിഴത്തിലുള്ള വസ്തു ലോറി ആണോ എന്ന് പരിശോധിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :