ഒരു ഫോണ്‍ കോള്‍ മതി ഏത് അധാലോക നായകനും അകത്താകാന്‍; രവി പൂജാരിയെ കുടുക്കിയത് സമാന സംഭവം

   ravi pujari , senagal , mumbai police , രവി പൂജാരി , സെനഗല്‍ , ഫോണ്‍‌ കോള്‍
അഹമ്മദാബാദ്| Last Updated: തിങ്കള്‍, 4 ഫെബ്രുവരി 2019 (10:34 IST)
പശ്ചിമാഫ്രിക്കൻ രാജ്യമായ സെനഗലിൽ അറസ്‌റ്റിലായ അധാലോക കുറ്റവാളി രവി പൂജാരിയെ കുടുക്കിയത് ഒരു ഫോണ്‍‌ കോള്‍. ഗുജറാത്തിലെ ബിസിനസുകാരനെ ഭീഷണിപ്പെടുത്തി പണം വാങ്ങാനുള്ള ഫോൺ സന്ദേശമാണ് പൂജാരിക്ക് വിനയായത്.

കഴിഞ്ഞ നവംബറിലാണ് ബിസിനസുകാരന് മുംബൈയിൽ നിന്നു ഫോൺ സന്ദേശം ലഭിച്ചത്. മുംബൈ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അന്ധേരിയിലെ 2 പേർ പിടിയിലായി. ഇവര്‍ക്ക് പൂജാരിയുമായി അടുത്ത ബന്ധമാണ് ഉള്ളതെന്ന് പൊലീസ് കണ്ടെത്തി.

പിടിയിലായവരുടെ ഫോൺ കോളുകളും കംപ്യൂട്ടറുകളും പരിശോധിച്ചതിനെത്തുടർന്നാണു ഇവരുടെ സെനഗൽ ബന്ധം സംശയിക്കപ്പെട്ടത്. മുംബൈ പൊലീസിലെ ഒരു സംഘം വിനോദസഞ്ചാരികളെന്ന നിലയിൽ സെനഗൽ സന്ദർശിച്ചു വിവരങ്ങള്‍ ശേഖരിച്ചു.

2009 മുതൽ പൂജാരി സെനഗലില്‍ താമസിക്കുകയും ഇടയ്‌ക്ക് താമസസ്ഥലം മാറ്റുകയും ചെയ്യുന്നതായി പൊലീസ് കണ്ടെത്തി. മൈസൂരു സ്വദേശിയായ ആന്റണി ഫെർണാണ്ടസ് എന്ന പേരിൽ സാധാരണ ജീവിതം നയിക്കുകയായിരുന്ന പൂജാരി അവിടെ ഒരു പൊലീസ് കേസിലും ഉൾപ്പെട്ടിരുന്നില്ല. ദാകറിൽ റസ്റ്റോറന്‍റ് നടത്തിയാണ് ഒളിവില്‍ കഴിയാന്‍ സാഹചര്യമുണ്ടാക്കിയത്. നമസ്തേ ഇന്ത്യ എന്ന പേരിലായിരുന്നു റസ്‌റ്റോറന്റ്.

ഇക്കാര്യങ്ങൾ സെനഗൽ പൊലീസിനെ അറിയിച്ചെങ്കിലും മുംബൈ പൊലീസിന്റെ വാദം സ്വീകരിക്കാൻ അവർ തയാറായില്ല. തുടർന്ന് സെനഗൽ എംബസിയെ സമീപിച്ച് പാസ്പോർട്ട് വ്യാജമാണെന്നു കണ്ടെത്തി. ഇതോടെ
കഴിഞ്ഞ മാസം 19 പൂജാരിയെ കസ്റ്റഡിയിലെടുത്തു.

തലസ്ഥാനമായ ദകാറിലെ ബാര്‍ബര്‍ ഷോപ്പില്‍ സെനഗല്‍ പൊലീസിന്റെ മൂന്ന് ബസ് സായുധസേന നടത്തിയ സാഹസിക ഓപ്പറേഷനിലാണ് ഇയാള്‍കുടുങ്ങിയത്. പൂജാരിയെക്കുറിച്ചുള്ള വിവരം സെനഗൽ എംബസിക്ക് ലഭിച്ചതിനു പിന്നാലെയാണ് അറസ്‌റ്റ്.

ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലാണ് രവിയുടെ ഒളിത്താവളമെന്ന് കണ്ടെത്തിയത് നാല് മാസം മുമ്പാണ്. ഇതിനു മുമ്പ് ഗിനിയ, ഐവറികോസ്റ്റ്, സെനഗല്‍ എന്നീ രാജ്യങ്ങളിൽ മാറിമാറി ഒളിവില്‍ കഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :