രേണുക വേണു|
Last Modified ചൊവ്വ, 8 ജൂണ്‍ 2021 (20:19 IST)
മാട്രിമോണിയല്‍ വെബ് സൈറ്റിലൂടെ പരിചയപ്പെട്ട സ്ത്രീകളെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച 32 കാരന്‍ അറസ്റ്റില്‍. മുംബൈ നേവി പൊലീസ് ആണ് മഹേഷ് കരണ്‍ ഗുപ്ത എന്ന മെക്കാനിക്കല്‍ എന്‍ജീനിയറെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാല് മാസമായി പൊലീസ് ഇയാള്‍ക്കായി തെരച്ചില്‍ നടത്തുകയായിരുന്നു.
മാട്രിമോണിയല്‍ വെബ് സൈറ്റില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി യുവതികളെ സമീപിക്കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. ഉന്നത വിദ്യാഭ്യാസമുള്ള സ്ത്രീകളെ തിരഞ്ഞുപിടിച്ചാണ് പരിചയപ്പെടുക. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട ശേഷം അവരുമായി സൗഹൃദത്തിലാകും. പിന്നീട് ഫോണ്‍ നമ്പര്‍ വാങ്ങും. നേരിട്ടു കാണാന്‍ പദ്ധതിയിടും. പബ്ബിലോ റസ്റ്റോറന്റിലോ മാളിലോ വച്ചായിരിക്കും യുവതികളുമായി കൂടിക്കാഴ്ച നടത്തുക. അതിനുശേഷം ഇവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടും.
ഒരു സ്ത്രീയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇയാള്‍ സിം കാര്‍ഡ് മാറ്റും. മറ്റൊരു പേരില്‍ മാട്രിമോണിയല്‍ സൈറ്റില്‍ അടുത്ത ഇരയെ തേടിയെത്തും. ഇടയ്ക്കിടെ സിം കാര്‍ഡ് മാറ്റിയാണ് ഇയാള്‍ പൊലീസിനെ അടക്കം കബളിപ്പിച്ചത്. നല്ല രീതിയില്‍ കംപ്യൂട്ടര്‍ പരിജ്ഞാനം ഉള്ളതും പ്രതിക്ക് പലരീതിയില്‍ ഗുണം ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. ഇതുവരെയുള്ള അന്വേഷണത്തില്‍ നിന്ന് 12 യുവതികളെ ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ സാധിച്ചത്. എന്നാല്‍, ഇനിയും കൂടുതല്‍ കേസുകള്‍ പുറത്തുവരാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.