രേണുക വേണു|
Last Modified ചൊവ്വ, 8 ജൂണ്‍ 2021 (15:06 IST)
കൊച്ചിയിലെ ഫ്‌ളാറ്റില്‍ ക്രൂര പീഡനത്തിന് ഇരയായ യുവതിയും പ്രതിയായ മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലും അടുത്തത് ഷെയര്‍ മാര്‍ക്കറ്റ് വഴി. മോഡലിങ് മേഖലയില്‍ ജോലി ചെയ്തിരുന്ന യുവതി ഓഹരി വിപണിയില്‍ ട്രേഡിങ്ങിനു സഹായിക്കുമെന്നു പറഞ്ഞാണ് ആദ്യം പ്രതി മാര്‍ട്ടിനുമായി പരിചയത്തിലാകുന്നത്. പിന്നീട് ഷെയര്‍ മാര്‍ക്കറ്റിലേക്ക് എന്നു പറഞ്ഞ് മാര്‍ട്ടിന്‍ യുവതിയുടെ കൈയില്‍ നിന്ന് പണം വാങ്ങി. പ്രതിമാസം 40,000 രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം. കൊച്ചിയില്‍ ബുട്ടീക്ക് ആരംഭിക്കാനായി കൈയിലുണ്ടായിരുന്ന പണമാണ് പീഡനത്തിന് ഇരയായ യുവതി മാര്‍ട്ടിന്‍ ജോസഫിന് കൈമാറിയത്. അഞ്ച് ലക്ഷം രൂപയാണ് യുവതി ഇയാള്‍ക്ക് കൊടുത്തിട്ടുള്ളത്. ഇതിനിടയില്‍ ഇവരുവരും നല്ല സൗഹൃദത്തിലായി. മറൈന്‍ ഡ്രൈവിന് അടുത്തുള്ള ഫ്‌ളാറ്റില്‍ ഒന്നിച്ചുതാമസിക്കാനും തുടങ്ങി.
എല്ലാ മാസവും 40,000 രൂപ നല്‍കാമെന്ന മാര്‍ട്ടിന്റെ വാഗ്ദാനം നടപ്പിലായില്ല. യുവതിക്ക് ഇയാള്‍ പണമൊന്നും നല്‍കിയില്ല. ഇതോടെ കാര്യങ്ങള്‍ സങ്കീര്‍ണമായി. തനിക്ക് വാഗ്ദാനം ചെയ്ത പണം വേണമെന്ന് യുവതി ആവശ്യപ്പെട്ടു. മാര്‍ട്ടിന്‍ യുവതിയെ പീഡിപ്പിക്കാന്‍ തുടങ്ങുന്നത് അപ്പോഴാണ്. പണം ചോദിക്കുമ്പോഴെല്ലാം യുവതിയെ ശാരീരികമായി ആക്രമിക്കും. ഇതിനിടെ തന്നെ വിവാഹം കഴിക്കണമെന്നും മാര്‍ട്ടിന്‍ ആവശ്യപ്പെട്ടു. ഉപദ്രവങ്ങള്‍ സഹിക്കാന്‍ വയ്യാതെ യുവതി ഫ്‌ളാറ്റില്‍ നിന്ന് വീട്ടിലേക്ക് പോയി. അടുത്ത് ഇടപഴകിയിരുന്ന സമയത്ത് യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പ്രതി പകര്‍ത്തിയിരുന്നു. ഫ്‌ളാറ്റിലേക്ക് തിരിച്ചെത്തിയില്ലെങ്കില്‍ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഭയംമൂലം യുവതി തിരിച്ച് ഫ്‌ളാറ്റിലേക്കെത്തി. തുടര്‍ന്നാണ് ശരീരത്തില്‍ ചൂടുവെള്ളം ഒഴിച്ചു പൊളിക്കുകയും മുളകുപൊടി കലക്കി മുഖത്തൊഴിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തത്. ബെല്‍റ്റ് കൊണ്ടും ചൂലുകൊണ്ടും അടിക്കുകയും മുഖത്ത് മര്‍ദിക്കുകയും പതിവായിരുന്നു എന്നും യുവതി പറയുന്നു.