കൊഹിമ|
jibin|
Last Modified വെള്ളി, 6 മാര്‍ച്ച് 2015 (11:35 IST)
നാഗാലാന്‍ഡിലെ ദിമാപൂരില്‍ ജനക്കൂട്ടം സെന്‍ട്രല്‍ ജയില്‍ ആക്രമിച്ച് മാനഭംഗക്കേസ് പ്രതിയെ പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തി. 35കാരനായ സയ്യിദ് ഫരീദ് ഖാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.
ദിമാപൂരിലെ വനിതാ കോളജ് വിദ്യാര്‍ത്ഥിനിയായ ഇരുപതുകാരിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിയായ സയ്യിദ് ഫരീദ് ഖാനെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതാണ്. കഴിഞ്ഞ ദിവസം, നാഗാ വിദ്യാര്‍ത്ഥി ഫെഡറേഷന്‍ അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തില്‍ ദിമാപൂരില്‍ വമ്പിച്ച പ്രകടനവും പൊതുയോഗവും നടന്നിരുന്നു. ഇതിനുശേഷം രോഷാകുലരായ ജനക്കൂട്ടം പ്രതിയെ അടച്ച സെന്‍ട്രല്‍ ജയിലിലേക്ക് സംഘടിച്ച് എത്തുകയായിരുന്നു.
എതിര്‍ക്കാന്‍ എത്തിയ സുരക്ഷാ ജീവനക്കാരെ മറികടന്ന് ജയിലിന് അകത്ത് കടന്ന ജനക്കൂട്ടം സയീദ് ഫാരിദ് ഖാനെ പിടികൂടുകയായിരുന്നു. ഇയാളെ നഗ്നനാക്കി മര്‍ദ്ദിച്ച
ശേഷം നഗരത്തിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. ഇതിനിടയില്‍ ജനക്കുട്ടം ഇയാളെ മാരകമായ രീതിയില്‍ മര്‍ദ്ദിക്കുകയും മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. ക്ലോക്ക് ടവറില്‍ കൊണ്ടുപോയി ഇയാളെ പരസ്യമായി തൂക്കിക്കൊല്ലാനായിരുന്നു പ്രക്ഷോഭകരുടെ പദ്ധതി. എന്നാല്‍ ഏഴുകിലോമീറ്ററോളം വലിച്ചിഴച്ച ജനക്കൂട്ടം ഇയാളെ
തൊഴിച്ചും കല്ലെറിഞ്ഞും കൊലപ്പെടുത്തുകയായിരുന്നു.
പൊലീസ് എത്തിയാണ്, ആക്രമികളെ ഓടിച്ച ശേഷം ഇയാളുടെ മൃതദേഹം ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം നീക്കം ചെയ്യാന്‍ പൊലീസ് ശ്രമിച്ചതോടെ ജനക്കൂട്ടം പൊലീസിനു നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് പൊലീസ് ലാത്തിവീശുകയും വെടിവയ്ക്കുകയും ചെയ്തു. കൊല്ലപ്പെട്ട സയീദിന്റെ കടയ്ക്കും സമീപത്തെ കടകള്‍ക്കും ജനക്കൂട്ടം തീവച്ചു. പൊലീസ് വാഹനങ്ങള്‍ അടക്കം നിരവധി വാഹനങ്ങള്‍ കത്തിച്ചു. ദിമാപുര്‍ ജില്ലയില്‍ സംഭവത്തെ തുടര്‍ന്ന് പൊലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചു.
ആസാം സ്വദേശിയായ സയീദ് ഫാരിദ് ഖാന്‍ 24 സ്ഥലങ്ങളില്‍ കൊണ്ടു പോയി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ആസാം സ്വദേശിയായ ഇയാള്‍ നഗരത്തില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഡീലറായി പ്രവര്‍ത്തിക്കുകയാണ്. ബംഗ്ലാദേശില്‍നിന്ന് കുടിയേറിയതാണ് ഖാനെന്ന് കരുതുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.