രേണുക വേണു|
Last Modified വെള്ളി, 18 ജൂണ്‍ 2021 (10:25 IST)
പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് നീക്കിയ നടപടിയില്‍ ഹൈക്കമാന്‍ഡിനോട് പിണങ്ങിനില്‍ക്കുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ശ്രമം. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് രമേശ് ചെന്നിത്തലയെ കൊണ്ടുവരാനാണ് എഐസിസി ശ്രമിക്കുന്നത്. സംഘടനാചുമതലയുള്ള ദേശീയ സെക്രട്ടറി സ്ഥാനം രമേശ് ചെന്നിത്തലയ്ക്ക് നല്‍കിയേക്കും. രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ചെന്നിത്തലയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. കെ.സി.വേണുഗോപാലിനെ പോലെ രമേശ് ചെന്നിത്തലയ്ക്കും ദേശീയ രാഷ്ട്രീയത്തില്‍ തിളങ്ങാന്‍ അവസരം നല്‍കിയേക്കും. പാര്‍ട്ടി ഏത് ചുമതല ഏല്‍പ്പിച്ചാലും സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന നിലപാടാണ് ചെന്നിത്തലയ്ക്ക്. തന്നോട് കൂടിയാലോചിക്കാതെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് നീക്കിയ നടപടിയില്‍ ഹൈക്കമാന്‍ഡിനോട് ചെന്നിത്തലയ്ക്ക് നീരസമുണ്ട്. ഇത് മറികടക്കാനാണ് ദേശീയ നേതൃപദവിയിലേക്ക് ചെന്നിത്തലയെ കൊണ്ടുവരാന്‍ ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്.