ന്യൂഡല്‍ഹി|
VISHNU.NL|
Last Modified വെള്ളി, 4 ജൂലൈ 2014 (11:40 IST)
സാമ്പത്തിക പ്രതിസന്ധി മൂലം കേരളത്തിന് റെയില്‍ ബജറ്റില്‍ കാര്യമായി പ്രതീക്ഷിക്കേണ്ടി വരില്ലെന്ന് സൂചന. സ്വന്തം ചെലവില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പണമില്ലാത്തതിനാല്‍ പാദ്ധതി ചെലവിന്റെ പാതി സംസ്ഥാനങ്ങള്‍ വഹിക്കണമെന്ന നിര്‍ദ്ദേശമാണ് റെയില്‍വേ മന്ത്രി
സദാനന്ദ ഗൌഡ പറഞ്ഞിരിക്കുന്നത്.
ഇതിനായി കര്‍ണാടകയുടെ മാതൃക പിന്തുടരാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതൊടെ സാമ്പത്തികഞെരുക്കത്തില്‍ നട്ടം തിരിയുന്ന കേരളത്തിന്റെ സാധ്യതകള്‍ മങ്ങിയിരിക്കുകയാണ്. ഒമ്പതിലേറെ പദ്ധതികളാണ് കേരളം റെയില്‍വേയോട് ആവശ്യപ്പെട്ടീരുന്നത്.
കാലങ്ങളായി ആവശ്യപ്പെടുന്ന പാലക്കാട് കോച്ച് ഫാക്ടറി, അങ്കമാലി- എരുമേലി ശബരി പാത, ഗുരുവായൂര്‍-തിരുനാവായ പാത, കോട്ടയം- ആലപ്പുഴ പാത ഇരട്ടിപ്പിക്കല്‍, പുനലൂര്‍-ചെങ്കോട്ട ഗേജ് മാറ്റം, നേമം, കോട്ടയം ടെര്‍മിനലുകള്‍ തുടങ്ങി എങ്ങുമെത്താത്ത പദ്ധതികള്‍ക്ക് ഇനി സംസ്ഥാന സര്‍ക്കാരും പകുതി ചെലവ് വഹിക്കണം.
ട്രെയിനുകളുടെ കാര്യത്തില്‍ പൊള്ളാച്ചി ഗേജ് മാറ്റം കഴിയുന്നതോടെ തിരുവനന്തപുരം-പാലക്കാട് അമൃത എക്സ്പ്രസ് പഴനിയിലേക്ക് നീട്ടാനും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സാന്ദ്രാഗച്ചി-കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് ആരംഭിക്കാനുമുള്ള നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഇടംപിടിക്കുമെന്നാണ് സൂചന.
അതേ സമയം കേന്ദ്ര നിര്‍ദ്ദേശം പരമാവധി അംഗീകരിച്ച് മുന്നൊട്ട് പോകാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.