ആരാണ് രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ആ പെണ്‍കുട്ടി? അവധിക്കാലം ചെലവഴിക്കാന്‍ ആന്‍ഡമാനിലേക്ക്; പ്രണയിനിയെന്ന് ഗോസിപ്പ്

രേണുക വേണു| Last Modified ശനി, 19 ജൂണ്‍ 2021 (13:20 IST)

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് 51-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഇത്ര പ്രായമായിട്ടും രാഹുല്‍ എന്താണ് വിവാഹം കഴിക്കാത്തതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം കുറച്ചായി. ഇതിനിടയില്‍ ചില ഗോസിപ്പുകളിലും രാഹുല്‍ ഗാന്ധി പെട്ടുപോയിട്ടുണ്ട്. അതിലൊന്നാണ് രാഹുല്‍ ഗാന്ധിക്കൊപ്പം 1999 ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം കാണാനെത്തിയ പെണ്‍കുട്ടിയുമായുള്ള ബന്ധം. രാഹുല്‍ ഗാന്ധിക്കൊപ്പം ഈ പെണ്‍കുട്ടിയും ഇരുന്ന് ക്രിക്കറ്റ് കളി കാണുന്നതിന്റെ ചിത്രങ്ങള്‍ അന്ന് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഇരുവരെയും കുറിച്ച് ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങി.

അന്ന് ക്രിക്കറ്റ് കളി കാണാന്‍ ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയുമായി രാഹുല്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചു. ഈ പെണ്‍കുട്ടിക്കൊപ്പം 1999 ല്‍ രാഹുല്‍ ആന്‍ഡമാനില്‍ അവധിക്കാലം ചെലവഴിച്ചതായും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നീട് 2003ല്‍ രാഹുലും സഹോദരി പ്രിയങ്ക ഗാന്ധിയും അവധിക്കാലം ആഘോഷിക്കാന്‍ കേരളത്തിലും ലക്ഷദ്വീപിലും എത്തിയപ്പോഴും ഇതേ പെണ്‍കുട്ടി കൂടെ ഉണ്ടായിരുന്നു. അതോടെ ഗോസിപ്പുകള്‍ പതിവായി.

കൊളംബിയക്കാരിയായ യുവാനിറ്റ എന്നാണ് രാഹുലിന്റെ ഗേള്‍ഫ്രണ്ടായ പെണ്‍കുട്ടിയുടെ പേരെന്ന് വാര്‍ത്തകളുണ്ടായിരുന്നു. രാഹുല്‍ ഇംഗ്ലണ്ടില്‍ പഠിക്കുമ്പോള്‍ മുതലുള്ള പ്രണയമാണെന്നും അന്ന് കേട്ടിരുന്നു. എന്നാല്‍, പെണ്‍കുട്ടിയുടെ യഥാര്‍ഥ പേര് യുവാനിറ്റ എന്നല്ല. വെറോണിക്ക എന്നാണ്. രാഹുല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2004 ല്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

തന്റെ ഗേള്‍ ഫ്രണ്ടിന്റെ പേര് വെറോണിക്ക എന്നാണെന്നും അവര്‍ സ്‌പെയിന്‍കാരിയാണെന്നും രാഹുല്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, പിന്നീട് രാഹുലിന്റെ ഈ ഗേള്‍ഫ്രണ്ടിനെ കുറിച്ച് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :