Last Modified വെള്ളി, 21 ജൂണ്‍ 2019 (09:42 IST)
കഴിഞ്ഞ ദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദ് സഭയെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചപ്പോൾ സോഷ്യൽ മീഡിയ കണ്ണു തിരിച്ചത് രാഹുൽ ഗാന്ധിയിലേക്കായിരുന്നു. പ്രധാനപ്പെട്ട സമയത്ത് പോലും രാഹുൽ ഗാന്ധി മൊബൈൽ ഉപയോഗിച്ചത് വൻ വിവാദമായിരുന്നു. ഇപ്പോഴിതാ, ഇതിൽ വിചിത്രമായ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്.
ഇരുസഭകളുടെയും സംയുക്ത യോഗത്തില്‍ രാഹുൽ മൊബൈൽ ഉപയോഗിച്ചത് കടുപ്പമേറിയ ചില വാക്കുകളുടെ അർത്ഥം തിരയാനാണെന്നാണ് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശർമ്മ വ്യക്തമാക്കിയിരിക്കുന്നത്.
“രാഹുല്‍ അദ്ദേഹത്തിന് ആവശ്യമായതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. അവയില്‍ ചില ചോദ്യങ്ങളുണ്ടായിരുന്നു. ഇതിലെ ചില വാക്കുകൾ വ്യക്തമായി കേട്ടില്ല. അത് എന്താണെന്നറിയാൻ അദ്ദേഹം ഗൂഗിളിൽ സെർച്ച് ചെയ്യുകയായിരുന്നു” എന്നും അദ്ദേഹം ഡല്‍ഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രപതി സംസാരിക്കുന്നതിനിടെ രാഹുൽ ഗാന്ധി ഫോണിൽ സ്വൈപ് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ രാഹുൽ സഭയിലിരുന്ന് പബ്ജി കളിക്കുകയായിരുന്നുവെന്ന് ട്രോളർമാരും പറഞ്ഞു തുടങ്ങി.