'ചികിത്സാ സഹായത്തിനുളള കടലാസ് രാഹുൽ ഗാന്ധി കൺമുന്നിൽ വലിച്ച് കീറി, പട്ടികളെ പോലെയാണ് അവര്‍ ഞങ്ങളെ കാണുന്നത്’ - കലി തീരാതെ അമേഠിയിലെ ജനം

Last Modified വെള്ളി, 7 ജൂണ്‍ 2019 (11:10 IST)
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു പാഠമാണ് അമേഠിയിലെ ജനങ്ങൾ 2019ലെ ലോൿസഭ തെരഞ്ഞെടുപ്പിൽ നൽകിയത്. അരലക്ഷത്തോളം വോട്ടിനാണ് സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ വീഴ്ത്തി ജയന്റ് കില്ലറായത്.

കോണ്‍ഗ്രസ് കോട്ടയെന്ന് അഹങ്കരിച്ചിരുന്ന സ്ഥലത്തെ വമ്പൻ തോൽ‌വി ആരേയും ഞെട്ടിക്കുന്നതായിരുന്നു. അതേസമയം, അമേഠിയിലെ തോല്‍വി രാഹുല്‍ ഗാന്ധി ഗാന്ധി ചോദിച്ച് വാങ്ങിച്ചതാണ് എന്നാണ് അവിടുടെ ജനങ്ങള്‍ പറയുന്നത് എന്ന് ദ ഹിന്ദു തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

വല്ലപ്പോഴും വന്ന് മുഖം കാണിച്ച് പോയാല്‍ ജനം വോട്ട് ചെയ്യുമെന്ന് കരുതിയ രാഹുലിനെ അമേഠി അക്ഷരാര്‍ത്ഥത്തില്‍ ഒരു പാഠം തന്നെയാണ് പഠിപ്പിച്ചത്. സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയാനോ പരിഹരിക്കാനോ ശ്രമിക്കാതെ അവര്‍ വെറുതെ ജയിപ്പിച്ച് വിടും എന്ന് കണക്ക് കൂട്ടിയ രാഹുലിനും കോണ്‍ഗ്രസിനും പിഴച്ചു.

അമേഠിയിലെ ട്രക്ക് ഡ്രൈവറായ രാം പ്രകാശ് പറയുന്നത് ഇങ്ങനെയാണ്. ''രാഹുല്‍ ജി കരുതിയത് എപ്പോഴെങ്കിലും ഒന്ന് വന്ന് കൈവീശിക്കാണിച്ച് പോകുമ്പോഴേക്കും അമേഠിക്കാര്‍ അദേഹത്തിന് വോട്ട് ചെയ്യും എന്നാണ്. അദ്ദേഹം എന്താണ് മണ്ഡലത്തിന് വേണ്ടി ചെയ്തത് എന്ന് പോലും നോക്കാതെ ജനം വോട്ട് ചെയ്യും എന്നാണ്''.

മണ്ഡലത്തിലെ ദളിതര്‍ക്കടക്കം ഇതേ വികാരമാണ്. രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ വന്നാല്‍ തന്നെയും പ്രമാണിമാരുമായി മാത്രമാണ് കൂടിക്കാഴ്ചകള്‍ എന്നും അവര്‍ പറയുന്നു. പാവപ്പെട്ടവരേയും പിന്നോക്ക ജാതിക്കാരേയും കോണ്‍ഗ്രസ് നേതാക്കള്‍ തിരിഞ്ഞ് നോക്കാറില്ല. പട്ടികളെ പോലെയാണ് അവര്‍ തങ്ങളെ കാണുന്നതെന്ന് ഇവർ ആരോപിക്കുന്നു.

ഒരിക്കല്‍ ചികിത്സാ സഹായത്തിന് വേണ്ടി രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ട് താന്‍ അപേക്ഷ നല്‍കി. എന്നാല്‍ തന്റെ മുന്നില്‍ വെച്ച് തന്നെ രാഹുല്‍ ആ കടലാസ് കീറിക്കളഞ്ഞുവെന്ന് കുമാര്‍ പറയുന്നു. സ്മൃതി ഇറാനി നല്ല വ്യക്തിയാണെന്നും പാവങ്ങളോട് അനുഭാവം കാട്ടുന്ന നേതാവ് ആണെന്നുമാണ് രഞ്ജീത് കുമാറിന്റെ അഭിപ്രായം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :