ഭീഷണി വേണ്ട, സമരം തുടരുമെന്ന് ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍

പൂനെ| VISHNU N L| Last Modified വ്യാഴം, 16 ജൂലൈ 2015 (17:19 IST)
ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത്‌ ബിജെപി നേതാവ്‌ ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരെ സമരം തുടരുമെന്ന്‌ വിദ്യാര്‍ത്ഥികള്‍. സമരം അവസാനിപ്പിച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കുമെന്ന്‌ പൂനെ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഡയറക്‌ടര്‍ പ്രസ്‌താവിച്ചിരുന്നു. ഇതിനോട്‌ പ്രതികരിക്കുകയായിരുന്നു സമരസമിതി. ഗജേന്ദ്ര ചൗഹാനെ പൂനെ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി നിയമിച്ചതിനെതിരെ കഴിഞ്ഞ ഒരു മാസത്തിലധികമായി വിദ്യാര്‍ത്ഥികള്‍ സമരരംഗത്താണ്‌.

ചൗഹാന്റെ നിയമന വിവാദത്തില്‍ സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സമരം അവസാനിപ്പിച്ചില്ലെങ്കില്‍ വിദ്യര്‍ത്ഥികളെ പുറത്താക്കുമെന്ന്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഡയറക്‌ടര്‍ ജെ. നരെയ്‌നാണ്‌ അറിയിച്ചത്‌. വിദ്യാര്‍ത്ഥികള്‍ക്ക്‌ നല്‍കിയ കത്തിലാണ്‌ പുറത്താക്കല്‍ ഭീഷണി.

സമരവുമായി മുന്നോട്ടുപോവുമെന്നും സമരം അടിച്ചമര്‍ത്താനുള്ള എല്ലാ ശ്രമങ്ങളെയും ശക്തമായി നേരിടുമെന്നും എഫ്ടിഐ ഐസ്റ്റുഡന്‍റ്സ് അസോസിയേഷന്‍റെ സെക്രട്ടറി വികാസ് ഉര്‍സ് പറഞ്ഞു. ഈ വിഷയത്തില്‍ അധികൃതര്‍ തങ്ങളുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന പ്രതീക്ഷിച്ചുകൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ ആണ് ഭീഷണിയെന്നും ഇത് തങ്ങളെ ഏറെ വിഷമിപ്പിച്ചുവെന്നും സെക്രട്ടറി പറഞ്ഞു. വാര്‍ത്താവിതരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ഒരുവട്ടം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :