പുൽവാമയിൽ ഉപയോഗിച്ചത് 60 കിലോ ആർ‌ഡിഎക്സ്; വാഹനം ഇടിച്ചുകയറ്റിയില്ല, സുരക്ഷ ഭേദിച്ചതെങ്ങനെ?

Last Modified ശനി, 16 ഫെബ്രുവരി 2019 (11:16 IST)
പുല്‍വാമയില്‍ ജയ്ഷെ മുഹമ്മദ് ചാവേർ ആക്രമണത്തിന് ഉപയോഗിച്ചത് അത്യുഗ്ര സ്ഫോടനശേഷിയുളള അറുപത് കിലോ ആര്‍ഡിഎക്സെന്ന് സിആര്‍പിഎഫ് അന്വേഷണത്തില്‍ കണ്ടെത്തി. ഭീകരന്‍ സഞ്ചരിച്ച വാഹനം വാഹനവ്യൂഹത്തിനു നേരെ ഇടിച്ചു കയറ്റുകയായിരുന്നില്ല. സിആര്‍പിഎഫ് വാഹനങ്ങള്‍ കടന്നുപോകുന്നതിന്‍റെ ഇടതുവശത്തു കൂടി കയറിവന്നു പൊട്ടിച്ചിതറുകയായിരുന്നു.

സൈനികവാഹനങ്ങള്‍ കടന്നുപോകുന്നതിനു മണിക്കൂറുകള്‍ മുന്‍പ് അടച്ച ദേശീയപാതയില്‍ ഭീകരനു വാഹനവുമായി എങ്ങനെ കടന്നുകയറാന്‍ കഴി‍ഞ്ഞെന്നും സിആര്‍പിഎഫ് അന്വേഷിക്കുന്നുണ്ട്. കനത്ത സുരക്ഷയെ മറികടന്ന് ഇത്തരമൊരു അക്രമണം ഉണ്ടാക്കാൻ ആരാണ് ഇയാളെ സഹായിച്ചതെന്നും സിആര്‍പിഎഫ് അന്വേഷിക്കുന്നുണ്ട്.

സിആര്‍പിഎഫ് നടത്തുന്ന അന്വേഷണത്തിലെ പ്രാഥമിക നിഗമനങ്ങള്‍ ഇങ്ങനെ– പരമാവധി ആള്‍നാശമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ പ്രത്യേകമായി നിര്‍മിച്ച സ്ഫോടകശേഖരമാണു ഭീകരാക്രമണത്തിന് ഉപയോഗിച്ചത്.

പുല്‍വാമയില്‍ സ്ഫോടനം നടന്നതിന്‍റെ പത്ത് കിലോമീറ്റര്‍ അകലെ താമസിച്ചിരുന്ന ചാവേർ ആദിലിന്‍റെ പക്കല്‍ ആര്‍ഡിഎക്സ് എങ്ങനെയെത്തിയെന്നും ആരാണ് ഇയാളെ സഹായിച്ചതെന്നും സിആര്‍പിഎഫ് അന്വേഷിക്കുന്നുണ്ട്. ഇയാൾക്ക് സംരക്ഷണവും സഹായവും നൽകിയത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സി ആർ പി എഫ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :