അഭിറാം മനോഹർ|
Last Updated:
വ്യാഴം, 4 ഓഗസ്റ്റ് 2022 (16:59 IST)
രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇൻ്റലിജൻസ് ബ്യൂറോ റിപ്പോർട്ട്. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഭീകരാക്രമണ സാധ്യതയുള്ളതായാണ് റിപ്പോർട്ടിൽ പറയുന്നത്. ലഷ്കർ ഇ ത്വയ്ബ,ജെയ്ഷെ മുഹമ്മദ് അടക്കമുള്ള ഭീകരസംഘടനകളുടെ ആക്രമണ ഭീഷണി നിലനിൽക്കുന്നുവെന്ന് ഐബി ഡൽഹി പോലീസിന് റിപ്പോർട്ട് നൽകി.
ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ചെങ്കോട്ടയടക്കമുള്ള പ്രധാനഭാഗങ്ങളിൽ സുരക്ഷ വർധിപ്പിക്കണമെന്നും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലേക്കുള്ള പ്രവേശനത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും നിർദേശത്തിൽ പറയുന്നു. ഡൽഹി പോലീസിനയച്ച പത്ത് പേജ് റിപ്പോർട്ടിലാണ് ജാഗ്രതാനിർദേശം.