ഈ തെളിവൊന്നും പോരാ; ഫോണ്‍ നമ്പറും ശബ്ദ സന്ദേശങ്ങളും വെച്ച് അന്വേഷണം നടത്താനാകില്ല- പാകിസ്ഥാന്‍!

പത്താന്‍‌കോട്ട് ഭീകരാക്രമണം, നവാസ് ഷെരീഫ് , ഇന്ത്യ പാകിസ്ഥാന്‍ ആക്രമണം
ഇസ്ലാമാബാദ്| jibin| Last Modified ശനി, 9 ജനുവരി 2016 (14:11 IST)
ഇന്ത്യയെ ഞെട്ടിച്ച പത്താന്‍‌കോട്ട് വ്യോമസേനാ സൈനികത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ ഇന്ത്യ കൈമാറിയ തെളിവുകള്‍ പോരെന്ന് പാകിസ്ഥാന്‍. ഇന്ത്യ തന്നിരിക്കുന്നത് ചില ഫോണ്‍ നമ്പറുകളും ശബ്ദ സന്ദേശങ്ങളും മാത്രമാണ്. ശക്തമായ തെളിവുകള്‍ ഉണ്ടെങ്കിലേ പാക് നിയമപ്രകാരം കേസ് രജിസ്‌റ്റര്‍ ചെയ്യാനും അന്വേഷണം നടത്താനും സാധിക്കുകയുള്ളുവെന്നും പേരു വെളിപ്പെടുത്താത്ത ഒരു പാക് ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നാണ് പാക് മാധ്യമമായ ഡോണ്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സൈനികത്താവളത്തിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ കൈമാറിയ തെളിവുകള്‍ പരിശോധിക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പാക് പരിശീലനം ലഭിച്ച ഭീകരരാണെന്നാണ് പ്രാഥമിക തെളിവുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ പങ്ക് അന്വേഷിക്കണമെന്ന് നവാസ് ഷെരീഫ് പാക് സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരാക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നവാസ് ഷെരീഫ് വിളിച്ച യോഗത്തില്‍ പാകിസ്ഥാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവുള്‍പ്പടെ പ്രമുഖര്‍ പങ്കെടുത്തിരുന്നു.

ഈ സാഹചര്യത്തില്‍ ഇന്ത്യ - പാക് സെക്രട്ടറിതല ചര്‍ച്ചയ്ക്കുള്ള തീയതി നീണ്ടുപോകാനോ ചര്‍ച്ച തന്നെ റദ്ദുചെയ്യപ്പെടാനോ സാധ്യത കാണുന്നുണ്ട്. ജനുവരി 15ന് ചര്‍ച്ച നടത്താമെന്നായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ നല്‍കിയ തെളിവുകളില്‍ പാകിസ്ഥാന്‍ സ്വീകരിക്കുന്ന നടപടി പരിശോധിച്ചതിന് ശേഷം മാത്രം ചര്‍ച്ചയുടെ കാര്യം തീരുമാനിക്കാമെന്നാണ് ഇന്ത്യന്‍ നിലപാട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :