രേണുക വേണു|
Last Modified വ്യാഴം, 18 ജനുവരി 2024 (16:21 IST)
വിമാനത്തിലെ ടോയ്‌ലറ്റില്‍ കുടുങ്ങിയ യാത്രക്കാരനു ടിക്കറ്റ് തുക മുഴുന്‍ തിരിച്ചുകൊടുത്ത് സ്‌പൈസ് ജെറ്റ് കമ്പനി. ഈ മാസം 16-ാം തിയതി മുംബൈ - ബെംഗളൂരു സ്‌പൈസ് ജെറ്റ് വിമാനത്തില്‍ വെച്ചായിരുന്നു സംഭവം. പുലര്‍ച്ചെ രണ്ടിനായിരുന്നു വിമാനത്തിന്റെ ടേക്ക് ഓഫ്. വിമാനത്തിലെ യാത്രക്കാരന്‍ ടേക്ക് ഓഫിനു ശേഷം ടോയ്‌ലറ്റില്‍ പ്രവേശിക്കുകയും പിന്നീട് വാതില്‍ തുറക്കാന്‍ സാധിക്കാതെ അതിനുള്ളില്‍ കുടുങ്ങുകയുമായിരുന്നു.
ഒരു മണിക്കൂറിലേറെ ഇയാള്‍ ടോയ്‌ലറ്റില്‍ ഇരിക്കേണ്ടി വന്നു. ടോയ്‌ലറ്റിന്റെ ലോക്കിനു തകരാര്‍ സംഭവിച്ചതാണ് ഇയാള്‍ കുടുങ്ങാന്‍ കാരണം. യാത്രയിലുടനീളം ടോയ്‌ലറ്റില്‍ കുടുങ്ങിയ യാത്രക്കാരന് ആവശ്യമായ സഹായവും മാര്‍ഗനിര്‍ദേശങ്ങളും തങ്ങള്‍ നല്‍കിയിരുന്നതായി സ്‌പൈസ് ജെറ്റ് വക്താവ് പ്രതികരിച്ചു. വിമാനം ബെംഗളൂരു എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തതിനു ശേഷം സ്‌പൈസ് ജെറ്റിന്റെ എഞ്ചിനീയര്‍ വന്നാണ് ഒടുവില്‍ വാതില്‍ തുറന്നത്. യാത്രക്കാരന് ഉടന്‍ തന്നൈ അടിയന്തര വൈദ്യസഹായം നല്‍കുകയും ചെയ്തു.
വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്ത് ക്ലോസറ്റ് സീറ്റില്‍ സുരക്ഷിതമായി ഇരിക്കാന്‍ യാത്രക്കാരനോട് ആവശ്യപ്പെടുകയായിരുന്നു. അസൗകര്യം നേരിട്ട യാത്രക്കാരന് ടിക്കറ്റ് തുക മുഴുവനായി തിരിച്ചു നല്‍കിയെന്നും സ്‌പൈസ് ജെറ്റ് വക്താവ് അറിയിച്ചു.