വ്യാജന്മാരെ പിടിക്കാന്‍ പാസ്പോര്‍ട്ടില്‍ പ്രത്യേക ചിപ്പ് പിടിപ്പിക്കുന്നു

മലപ്പുറം| VISHNU N L| Last Modified ശനി, 22 ഓഗസ്റ്റ് 2015 (12:02 IST)
വ്യാജ പാസ്പോര്‍ട്ട് വിഷയങ്ങള്‍ വ്യാപകമായതോടെ രാജ്യത്തെ പൌരന്മാര്‍ക്ക് നല്‍കുന്ന പാസ്പോര്‍ട്ടില്‍ ചിപ്പുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. വിദേശകാര്യമന്ത്രാലയത്തിന്റെ പദ്ധതിയ്ക്ക് പ്രാഥമിക രൂപമായെന്നാണ് വിവരം. പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം ഇത്തരം ചിപ്പില്‍ പാസ്പോർട്ട് ഉടമയെ സംബന്ധിക്കുന്ന മുഴുവൻവിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

ഫോട്ടോ, വിരലടയാളം, മേൽവിലാസം തുടങ്ങി പാസ്പോര്‍ട്ട് ഉടമയേക്കുറിച്ചുള്ള സകല വിവരങ്ങളും രേഖപ്പെടുത്തിയ ഇത് വായിക്കാന്‍ പ്രത്യേക ഉപകരണത്താല്‍ മാത്രമേ സാധിക്കു.പാസ്പോർട്ടിന്റെ അവസാനപേജിൽ സ്ഥാപിക്കുന്ന ഇവയ്ക്ക് അരിമണിയുടെ വലിപ്പം മാത്രമേ ഉണ്ടാകു. ആർഎഫ്ഐഡി (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ) മെമ്മറി ചിപ്പുകളാകും ഇത്തരത്തില്‍ സൂക്ഷ്മമായി സ്ഥാപിക്കുക.

പദ്ധതി പ്രാവര്‍ത്തികമായാല്‍ വ്യാജ പാസ്പോര്‍ട്ട് വിഷയത്തിന് തടയിടാമെന്നു മാത്രമല്ല ആർഎഫ്ഐഡി പാസ്പോർട്ടുകൾ വന്നാൽ വിമാനത്താവളങ്ങളിലെ പരിശോധനയും മറ്റും പൂർണമായും യന്ത്രസഹായത്തോടെ നടപ്പാക്കുന്ന നിലയിലെത്തും. നിലവിൽ യുഎസ്, ബ്രിട്ടൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ പാസ്പോർട്ടുകളിൽ ആർഎഫ്ഐഡി മെമ്മറി ചിപ്പുകൾ ഘടിപ്പിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :