ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 12 ഓഗസ്റ്റ് 2015 (13:25 IST)
മുന്‍ ഐ പി എല്‍ കമ്മീഷ്‌ണര്‍ ലളിത് മോഡിയെ വഴിവിട്ട് സഹായിച്ച കേന്ദ്രമന്ത്രി സുഷമ സ്വരാജ് മയപ്പെടുന്നു. വിവാദ വിഷയങ്ങളെല്ലാം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്നും. താൻ വിഷയം ചർച്ച ചെയ്യുമ്പോള്‍ മുഴുവന്‍ സംസാരിക്കാൻ തന്നെ അനുവദിക്കണമെന്നും സുഷമ വ്യക്തമാക്കി.
വിഷയത്തില്‍ കോണ്‍ഗ്രസ് നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന്‍മേല്‍ ചര്‍ച്ചയ്ക്ക് തയാറാണന്ന് സുഷമ സ്വരാജ് അറിയിച്ചു. തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കി. പ്രമേയത്തിലെ മുഴുവന്‍ കാര്യങ്ങളും ചര്‍ച്ചചെയ്യണമെന്ന് കോണ്‍ഗ്രസ് അംഗം മല്ലികാര്‍ജുന ഖാര്‍ഗെ ആവശ്യപ്പെട്ടു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സഭയിലെത്തിയാലേ ചര്‍ച്ചയില്‍ പങ്കെടുക്കുകയുള്ളെന്നും പ്രധാനമന്ത്രി വിഷയത്തില്‍ മറുപടി പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടതോടെ വിഷയം വീണ്ടും വിവാദത്തിലേക്ക് നീങ്ങുകയായിരുന്നു.
കോണ്‍ഗ്രസിന്റെ നിലപാടിനെതിരേ ബിജെപി രംഗത്തെത്തി. പ്രധാനമന്ത്രി സഭയില്‍ ഇല്ല എന്ന വിഷയം എടുത്തു കാട്ടി ചര്‍ച്ചയില്‍ നിന്നും പിന്‍മാറാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു ആരോപിച്ചു. അതേസമയം,
മന്ത്രിമാർക്കെതിരെ ആരോപണമുയരുമ്പോള്‍ എങ്ങനെയാണ് പ്രധാനമന്ത്രിക്ക് അതിനെതിരെ നടപടിയെടുക്കാതെ മിണ്ടാതിരിക്കാനാകുന്നതെന്നും കോൺഗ്രസ് ചോദിച്ചു. ബിജെപി മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ മുദ്രാവാക്യം മുഴക്കി.