ന്യൂഡല്‍ഹി|
VISHNU.NL|
Last Updated:
ബുധന്‍, 10 ഡിസംബര്‍ 2014 (13:12 IST)
ഉത്തര്‍പ്രദേശിലെ കൂട്ടമതപരിവര്‍ത്തനം രാജ്യസഭയില്‍ ബഹളത്തിന് കാരണമായി. രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ തകര്‍ക്കുകയാണ് ആര്‍എസ് ശ്രമിക്കുന്നതെന്ന് ബിഎസ്പി സഭയില്‍ ആരോപിച്ചു, വിഷയത്തില്‍ കേന്ദ്ര ഏജന്‍സിയേ കൊണ്ട് അന്വേഷണം നടത്തണമെന്ന് സഭയില്‍ ആവശ്യമുയര്‍ന്നു.
ഇന്ത്യയുടെ മതേതര മൂല്യത്തെ തകര്‍ക്കാനുള്ള ശ്രമമാണ് ഇതെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു. ആര്‍എസ്എസ് കൂടാതെ മറ്റു ഹിന്ദു സംഘടനകള്‍ക്കും മതപരിവര്‍ത്തനത്തില്‍ പങ്കുണ്ട്. ബിജെപിയാണ് ഈ സംഭവത്തിന് പിന്നിലെന്നും മായാവതി ആരോപിച്ചു.
നിര്‍ബന്ധിതമായ മതപരിവര്‍ത്തനം ക്രിമിനല്‍ കുറ്റമാണെന്നും രാജ്യത്ത് ഇത്തരം സംഭവങ്ങളുണ്ടാവുകയാണെങ്കില്‍ അത് കലാപങ്ങളിലേക്ക് നയിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു.ഇന്ത്യന്‍ ഭരണഘടനയോടുള്ള ജനങ്ങളുടെ ബഹുമാനം നിലനിര്‍ത്താന്‍ കഴിയണമെന്ന് സിപിഐ നേതാവ് സീതാറാം യെച്ചൂരി രാജ്യസഭയില്‍ ആവശ്യപ്പെട്ടു.
ആഗ്രയില്‍ നടന്ന മതപരിവര്‍ത്തനം നിര്‍ബന്ധിതമായിരുന്നില്ളെന്നും കുടംബങ്ങള്‍ സ്വമേധയാ ഹിന്ദുമതത്തിലേക്ക് മാറിയതാണെന്നുമാണ് അറിഞ്ഞതെന്ന് മാനവവിഭവ ശേഷി വകുപ്പ് സഹമന്ത്രി ശങ്കര്‍ കഥേരിയ പറഞ്ഞു.സര്‍ക്കാര്‍ മതേതര മൂല്യത്തിലൂന്നിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി പ്രസ്താവിച്ചു.
ഉത്തര്‍പ്രദേശില്‍ നടന്നത് പ്രാദേശിക വിഷയം മാത്രമാണെന്നും അത് സംസ്ഥാന സര്‍ക്കരാണ് അന്വേഷിക്കേണ്ടതെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
അതേ സമയം ബഹളങ്ങള്‍ക്കിടയില്‍ കല്‍ക്കരിപ്പാടങ്ങള്‍ പുനര്‍ലേലം ചെയ്യുന്നതിനുള്ള ബില്ല് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും.
സുപ്രീംകോടതി വിധി അനുസരിച്ച് കല്‍ക്കരിപ്പാടങ്ങള്‍ പുനര്‍ലേലം ചെയ്യുന്നതിന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. ബില്ലിന് സെലക്ട് കമ്മിറ്റി പച്ചക്കൊടി കാട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് ബില്ല് രാജ്യസഭയില്‍ എത്തിയിരിക്കുന്നത്.
ഇന്‍ഷ്വറന്‍സ് നിയമഭേദഗതി ബില്ലും ഇന്ന് സെലട്ക് കമ്മിറ്റി രാജ്യസഭയില്‍ വെക്കും. ഇന്‍ഷ്വറന്‍സ് രംഗത്തെ വിദേശനിക്ഷേപ പരിധി 49 ശതമാനമാക്കി ഉയര്‍ത്തുന്നതിനാണ് ഭേദഗതി കൊണ്ടുവരുന്നത്. അതിനെതിരെ ഇടതുപക്ഷവും തൃണമൂല്‍ കോണ്‍ഗ്രസും വലിയ പ്രതിഷേധം ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.