ന്യൂഡല്‍ഹി|
VISHNU N L|
Last Updated:
വെള്ളി, 2 ഒക്‌ടോബര്‍ 2015 (09:45 IST)
കശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്നതുള്‍പ്പെടെ യു.എന്‍. പൊതുസഭയില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക്
ചുട്ടമറുപടിയുമായി ഇന്ത്യ രംഗത്ത് വന്നു. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് പാക് വാദങ്ങളുടെ മുനയൊടിച്ചത്. പ്രശ്‌നപരിഹാരത്തിനായി പാകിസ്താന്‍ നിര്‍ദ്ദേശിച്ച നാല് നിര്‍ദ്ദേശങ്ങള്‍ വേണ്ടെന്നും ' തീവ്രവാദം വേണ്ടെന്ന' ഒരൊറ്റ നിര്‍ദ്ദേശം മാത്രം മതിയെന്നായിരുന്നു സുഷമയുടെ മറുപടി.
2008ലെ മുംബൈ ഭീകരാക്രമണത്തിലെ പ്രതികൾ ഇപ്പോഴും സ്വതന്ത്രരായി നടക്കുന്നു. രണ്ടു ഭീകരരെ ഞങ്ങൾ ജീവനോടെ പിടികൂടി. ആരാണ് ഇതിനു പിന്നിലെന്നു ഞങ്ങൾക്കറിയാം. ഭീകരതയും ചർച്ചയും ഒരുമിച്ചു പോകില്ലെന്നു പാക്കിസ്ഥാനെ ഉദ്ദേശിച്ച് സുഷമ പറഞ്ഞു. നവാസ് ഷെരീഫ് ഉന്നയിച്ച നാലുകാര്യങ്ങൾ ആവശ്യമില്ല. ഒരു കാര്യം മാത്രം മതി. ആദ്യം ഭീകരത അവസാനിപ്പിക്കുക. എന്നിട്ടുമതി ചർച്ച. 25 വർഷമായി ഭീകരപ്രവർത്തനത്തിന്റെ ഇരയാണു ഇന്ത്യയെന്നും ഭീകരപ്രവർത്തകരെ വളർത്തുകയും പരിശീലിപ്പിക്കുകയും ഭീകരതയെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്ന രാജ്യങ്ങൾക്കെതിരെ യുഎൻ രംഗത്തു വരണമെന്നും സുഷമ ആവശ്യപ്പെട്ടു.
ഗാന്ധിജിയുടെ ജന്മദിനം രാജ്യാന്തര സമാധാന ദിനമായി പ്രഖ്യാപിച്ചതിനു ഐക്യരാഷ്ട്ര സംഘടനയ്ക്കു നന്ദി പറഞ്ഞാണു ഹിന്ദിയിലുള്ള സുഷമയുടെ പ്രസംഗം തുടങ്ങിയത്.മേഖലയിലെ സമാധാനം നിലനിര്‍ത്താന്‍ അടിസ്ഥാനപരമായി വേണ്ട കാര്യം എന്താണെന്ന് സുഷമാ സ്വരാജ് ഐക്യരാഷ്ട്രസഭയില്‍ വളരെ ശക്തമായും വ്യക്തമായും അവതരിപ്പിക്കുകയും ചെയ്തു. സുഷമയുടെ പ്രസംഗത്തിനു പിന്നാലെ അവരെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ ട്വിറ്റര്‍ അക്കൌണ്ടില്‍ എഴുതുകയും ചെയ്തു. സുഷമ സംസാരിക്കുന്നതിനു മുമ്പ് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അഭിഷേക് സിംഗ് പാകിസ്ഥാനെതിരെ രംഗത്ത് വന്നിരുന്നു.
യാഥാര്‍ഥ്യം മറച്ചുവെച്ച് പൊതുസഭ പോലെ നിര്‍ണായകമായൊരു ആഗോളവേദി ദുരുപയോഗപ്പെടുത്തുകയാണ് പാകിസ്ഥാന്‍ ചെയ്തത്. മേഖലയിലെ സ്ഥിതിഗതികളെക്കുറിച്ച് തെറ്റായ ചിത്രം നല്‍കാനാണ് പാകിസ്ഥാന്‍ ശ്രമിച്ചതെന്നും യു.എന്നിലെ ഇന്ത്യന്‍ ദൗത്യസംഘത്തിലെ സെക്രട്ടറി അഭിഷേക് സിംഗ് കുറ്റപ്പെടുത്തി. കൂടാതെ നിര്‍ദിഷ്ട ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി ഇന്ത്യയുടെ ഭൂപ്രദേശത്തുകൂടിയാണ് പോകുന്നതെന്നും പാക് അധീന കശ്മീരില്‍ നിന്ന് പാകിസ്ഥാന്‍ ഒഴിഞ്ഞുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതാദ്യമായാണ് ഇന്ത്യ കശ്മീര്‍ വിഷയത്തില്‍ കടുത്ത നിലപാടുകളെടുക്കുന്നത്. പാകിസ്ഥാന്‍ ഒഴിഞ്ഞുപോകണമെന്ന ഇന്ത്യയുടെ പ്രഖ്യാപനം ലോകം വളരെ ശ്രദ്ധയൊടെയാണ് വീക്ഷിക്കുന്നത്. പാക് അധീന കശ്മീരില്‍ ഇന്ത്യ അനുകൂല സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ ഉണ്ടയതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതൊടെയാണ് ഇന്ത്യ കടുത്ത നി;അപടുകള്‍ പ്രഖ്യാപിച്ചത്.