ശിവസേന ഭീഷണി: പാക് ഗായകന്‍ ഗുലാം അലി ഡൽഹിയിലും പാടില്ല

 ഗുലാം അലി , ശിവസേന ഭീഷണി , അരവിന്ദ് കേജ്‍രിവാൾ , സംഗീത കച്ചേരി
ന്യൂഡൽഹി| jibin| Last Modified ചൊവ്വ, 20 ഒക്‌ടോബര്‍ 2015 (09:08 IST)
പാകിസ്ഥാന്‍ ഗസൽ ഗായകൻ ഗുലാം അലി ഡല്‍ഹിയില്‍ നടത്താനിരുന്ന സംഗീത പരിപാടി ഉപേക്ഷിച്ചു. നവംബർ എട്ടിന് ഡല്‍ഹിയില്‍ നടത്താനിരുന്ന സംഗീത കച്ചേരിക്കെതിരെ ശിവസേനയുടെ ഭീഷണി ശക്തമായതോടെയാണ് പരിപാടി നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്. ലാഹോറില്‍ വെച്ചു നടന്ന ചര്‍ച്ചയിലാണ് ഗുലാം അലി ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യം ഡൽഹി സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും പാക് ഗായകന്‍ പറഞ്ഞു.

ശിവസേനയുടെ ഭീഷണിയത്തെുടര്‍ന്ന് നേരത്തേ മുംബൈയില്‍ നടത്താന്‍ നിശ്ചയിച്ച ഗുലാം അലിയുടെ പരിപാടിയും റദ്ദാക്കിയിരുന്നു. ഇതേ തുടർന്ന് ഡല്‍ഹിയില്‍ ഗസല്‍ സന്ധ്യ നടത്താൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ഗുലാം അലിയെ ക്ഷണിക്കുകയായിരുന്നു. കൂടാതെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും സംഗീത കച്ചേരി നടത്താന്‍ ഗുലാം അലിയെ ക്ഷണിച്ചിരുന്നു. നേരത്തെ മുംബൈ മാട്ടുംഗയിലെ ഷണ്മുഖാനന്ദ ഹാളില്‍ നടത്താനിരുന്ന കച്ചേരി തടയുമെന്ന് ശിവസേന ഭീഷണി മുഴക്കിയിരുന്നു.

അതേസമയം, ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് പാക് കമന്റേറ്റർമാരും മുൻ ക്രിക്കറ്റ് താരങ്ങളുമായ വസീം അക്രവും, ശുഹൈബ് അക്തറും പാകിസ്ഥാനിലേക്ക് മടങ്ങും. മുംബൈയിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക അഞ്ചാം ഏകദിനം ഉപേക്ഷിച്ചാണ് ഇരുവരും മടങ്ങുന്നത്. ശിവസേനയുടെ ഭീഷണി ശക്തമായതോടെ പാക് അമ്പയര്‍മാരായ അലീം ദറിനെ രാജ്യാന്തര ക്രിക്കറ്റ് ‌കൗൺസിൽ (ഐസിസി) പിന്‍വലിച്ചിരുന്നു.

തിങ്കളാഴ്‌ച ഇന്ത്യ–പാക് പരമ്പരയ്ക്കു വേണ്ടിയുള്ള ബിസിസിഐ– പിസിബി ചർച്ചകൾ ശിവസേന തടസ്സപ്പെടുത്തിയതിനു പിന്നാലെ അലീം ദറിനെതിരെ ഭീഷണിയും ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ പിന്‍ വലിക്കാന്‍ ഐസിസി തീരുമാനിച്ചത്. നാലും അഞ്ചും ഏകദിനങ്ങളിലും അലീം ദാറായിരുന്നു ന്യബട്രല്‍ അമ്പയര്‍. അലീം ദറിന്റെ പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഐസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഐസിസി അംപയര്‍മാരുടെ എലീറ്റ് പാനല്‍ അംഗവും മുന്‍ പാകിസ്ഥാന്‍ കളിക്കാരനുമാണ് അലീംദര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :