aparna shaji|
Last Modified വെള്ളി, 28 ഒക്‌ടോബര്‍ 2016 (07:55 IST)
കശ്മീര്‍ സംഘര്‍ഷത്തിനും ഉറി ഭീകരാക്രമണത്തിനും പിന്നാലെ മൂര്‍ച്ഛിച്ച ഇന്ത്യ-പാകിസ്താന്‍ നയതന്ത്ര യുദ്ധം വഴിത്തിരിവില്‍. ചാരപ്രവൃത്തിക്കിടെ ഡൽഹി പൊലീസ് പിടികൂടിയ പാക് എംബസി ഉദ്യോഗസ്ഥനോട് രാജ്യം വിടാൻ
ഇന്ത്യ ആവശ്യപ്പെട്ടതിനു മറുപടിയുമായി പാകിസ്ഥാൻ. പാകിസ്താനിലെ ഇന്ത്യന്‍ ഹൈകമീഷന്‍ ഉദ്യോഗസ്ഥന്‍ സുര്‍ജിത് സിങ്ങിനെ പാകിസ്താൻ പുറത്താക്കി. 48 മണിക്കൂറിനകം രാജ്യം വിടാനും പാകിസ്താൻ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഹൈകമീഷണര്‍ ഗൗതം ബംബാവലയെ വിളിച്ചു വരുത്തി വിവരം ധരിപ്പിച്ചതായി പാക് വിദേശകാര്യ ഓഫീസ് അറിയിച്ചു.
ഇസ്ലാമാബാദിലെ ഇന്ത്യന്‍എംബസിയില്‍ ജോലി ചെയ്യുന്ന സുര്‍ജിത് സിങിന്റെ പ്രവർത്തനങ്ങൾ നയതന്ത്രപെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും കരാറിന് വിരുദ്ധമാണെന്നും ആരോപിച്ചാണ്
പാകിസ്ഥാൻ അദ്ദേഹത്തെ പുറത്താക്കിയത്. ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ഈ മാസം 29നകം രാജ്യം വിടാന്‍ വേണ്ട നടപടികള്‍ ത്വരിതപ്പെടുത്താനും ഇന്ത്യന്‍ ഹൈകമീഷനോട് പാകിസ്ഥാൻ ആവശ്യപ്പെട്ടു.
നേരത്തേ അതിർത്തിയിലെ സൈനിക വിന്യാസം അടക്കമുള്ള സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് ഡല്‍ഹി പാക് ഹൈകമീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു. ഇതിന് പ്രതികാരം വീട്ടുകയാണ് പാകിസ്ഥാൻ എന്ന് വ്യക്തം. പകരത്തിന് പകരം - ആ രീതി ആയിരിക്കുകയാണ് പാകിസ്ഥാന്റെ നടപടികൾ. മുമ്പും പാകിസ്താനു വേണ്ടി പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് 2015 നവംബറില്‍ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു.