രേണുക വേണു|
Last Modified ബുധന്‍, 22 ഡിസംബര്‍ 2021 (08:43 IST)
കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഡെല്‍റ്റ വകഭേദത്തെക്കാള്‍ മൂന്നിരട്ടി വ്യാപനശേഷിയുള്ളതാണ് ഒമിക്രോണെന്നും യുദ്ധസമാനമായ രീതിയില്‍ ഒമിക്രോണിനെതിരെ സജ്ജമാകണമെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. രാത്രി കര്‍ഫ്യൂ, വലിയ ജനക്കൂട്ടം ഒഴിവാക്കാനുള്ള കര്‍ശന നടപടികള്‍, വിവാഹത്തിനും മരണാനന്തര ചടങ്ങിനും പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കല്‍ തുടങ്ങിയ നടപടികള്‍ പരിഗണിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇന്ത്യയില്‍ കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ബാധിച്ചവരുടെ എണ്ണം 213 ആയി. ഇതില്‍ 77 പേര്‍ രോഗമുക്തി നേടി. തെലങ്കാന (20), കര്‍ണാടക (19), രാജസ്ഥാന്‍ (18), കേരളം (15), ഗുജറാത്ത് (14) എന്നിവിടങ്ങളിലും ഒമിക്രോണ്‍ കേസുകള്‍ കൂടുതലാണ്. ഇന്ത്യയുടെ ജനസംഖ്യ പരിഗണിക്കുമ്പോള്‍ ഒമിക്രോണ്‍ അതിവേഗം പടര്‍ന്നേക്കാം എന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.