രേണുക വേണു|
Last Modified ശനി, 3 ജൂണ്‍ 2023 (09:07 IST)
Odisha Train Accident: രാജ്യത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി ഒഡിഷ ട്രെയിന്‍ ദുരന്തം. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 233 ആണ്, 900 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഒഡിഷയിലെ ബാലസോറിലാണ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസ്, ഷാലിമാര്‍-ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ്, ഗുഡ്സ് ട്രെയിന്‍ എന്നിവയാണ് അപകടത്തില്‍പ്പെട്ടത്.
ട്രെയിനുകളുടെ ബോഗികളില്‍ ഇപ്പോഴും യാത്രക്കാര്‍ കുടുങ്ങി കിടക്കുന്നതായാണ് സൂചന. ബോഗികള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തുടരുകയാണ്. ട്രെയിനിന്റെ ഭാഗങ്ങള്‍ നീക്കിയ ശേഷം മാത്രമേ ബോഗികളില്‍ എത്രത്തോളം യാത്രക്കാര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന് കണ്ടെത്താന്‍ സാധിക്കൂ.
ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ഒഡിഷയില്‍ ഇന്ന് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ഉന്നതതല അന്വേഷണത്തിനു ഉത്തരവിട്ടു. മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ദുരിതാശ്വാസം പ്രഖ്യാപിച്ചു.
ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് പാളം തെറ്റിയതാണ് വന്‍ അപകടത്തിനു കാരണം. പാളം തെറ്റിയ ബോഗികളിലേക്ക് അതിവേഗത്തില്‍ വരുകയായിരുന്ന ഷാലിമാര്‍-ചെന്നൈ സെന്‍ട്രല്‍ കോറമണ്ഡല്‍ എക്സ്പ്രസ് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ കോറമണ്ഡല്‍ എക്സ്പ്രസിന്റെ ഏതാനും ബോഗികള്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ചരക്ക് തീവണ്ടിയുടെ മുകളിലേക്ക് കയറി.
ഒഡിഷ ട്രെയിന്‍ ദുരന്തത്തെ തുടര്‍ന്ന് 20 ട്രെയിന്‍ സര്‍വീസുകള്‍ ഉപേക്ഷിച്ചതായി റെയില്‍വെ അറിയിച്ചു. ഒഡിഷ സര്‍ക്കാരിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 06782-262286