സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നതിന് തെളിവ് ബോധിപ്പിക്കേണ്ട കാര്യമില്ലെന്ന് പരീക്കര്‍; പ്രതിരോധമന്ത്രി ഇങ്ങനെ പറയുന്നതിനുള്ള കാരണമെന്ത് ?

സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നതിന് തെളിവ് ബോധിപ്പിക്കേണ്ട കാര്യമില്ലെന്ന് പരീക്കര്‍; പ്രതിരോധമന്ത്രി ഇങ്ങനെ പറയുന്നതിനുള്ള കാരണമെന്ത് ?

ആഗ്ര| Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2016 (16:10 IST)
ഉറിക്ക് നമ്മുടെ സൈന്യം മികച്ച തിരിച്ചടി നല്കിയിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നതിന് തെളിവ് വേണ്ടെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബര്‍ 29ന് പാക് അധീന കശ്‌മീരില്‍ ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിട്ടുണ്ട്. എന്നാല്‍, ഇതിന് തെളിവ് നല്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആഗ്രയില്‍ ഒരു ബി ജെ പി പരിപാടിയില്‍ സംസാരിക്കുമ്പോള്‍ ആയിരുന്നു പരീക്കര്‍ നയം വ്യക്തമാക്കിയത്. ദേശീയത സംശയിക്കുന്ന നിരവധി ശക്തികള്‍ രാജ്യത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ജിക്കല്‍ സ്ട്രൈക്കിനെ സംശയിക്കുന്ന നിരവധിയാളുകളുണ്ടെന്ന് പേരെടുത്ത് പറയാതെ അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ ഒരു പാകിസ്ഥാനി പൊലീസ് ഓഫീസര്‍ തന്നെ സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നെന്ന കാര്യം സ്ഥിരീകരിച്ചെന്നും പരീക്കര്‍ പറഞ്ഞു. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ തെളിവ് നല്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിനെ പ്രകീര്‍ത്തിച്ച പരീക്കര്‍, നമ്മുടെ സൈന്യം ഉറി വെല്ലുവിളി ഏറ്റെടുത്തെന്നും വ്യക്തമാക്കി.

100 ശതമാനം പൂര്‍ണമായ സര്‍ജിക്കല്‍ സ്ട്രൈക്ക് ആയിരുന്നു നമ്മള്‍ നടത്തിയത്. വിരമിച്ച ചില സൈനികോദ്യോഗസ്ഥര്‍ തങ്ങള്‍ അതിര്‍ത്തിയില്‍ രാജ്യത്തെ സേവിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി കത്ത് അയച്ചിരുന്നു. അവരെ താന്‍ സല്യൂട്ട് ചെയ്യുകയാണെന്നും പരീക്കര്‍ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :