ന്യൂഡല്‍ഹി|
JOYS JOY|
Last Modified വെള്ളി, 11 മാര്‍ച്ച് 2016 (14:02 IST)
യമുനാതീരത്തെ സാംസ്കാരികോത്സവവുമായി ബന്ധപ്പെട്ട് അഞ്ചുകോടി രൂപ പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണലില്‍ പിഴ അടയ്ക്കാന്‍ സാവകാശം ആവശ്യപ്പെട്ട് ആര്‍ട്ട് ഓഫ് ലിവിങ് സംഘാടകര്‍. ഇത്രയും തുക ഒരുമിച്ച് അടയ്ക്കാന്‍ കഴിയില്ലെന്നാണ് ഇവരുടെ നിലപാട്. നിലവില്‍ 25 ലക്ഷം രൂപ ഉടനെ അടയ്ക്കണമെന്നും ബാക്കി 4.75 കോടി രൂപ അടയ്ക്കാന്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ അടയ്ക്കണമെന്നും ഹരിത ട്രൈബ്യൂണല്‍, ആര്‍ട്ട് ഓഫ് ലിവിങ് സംഘാടകരോട് ആവശ്യപ്പെട്ടു.
അതേസമയം, ‘ആര്‍ട്ട് ഓഫ് ലിവിങ്’ എന്നത് ജീവകാരുണ്യ സംഘടനയാണെന്നും അഞ്ചുകോടി രൂപ പിഴയടയ്ക്കാന്‍ ഒരു മാസം സമയം അനുവദിക്കണമെന്നും ഹരിത ട്രൈബ്യൂണലില്‍ സംഘടന ആവശ്യപ്പെട്ടു. ‘ആര്‍ട്ട് ഓഫ് ലിവിങ്’ എന്നത് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ്. ഇത്രയും വലിയ തുക പിരിച്ചെടുക്കാൻ സമയം വേണെന്നാണ് ഇവർ കോടതിയിൽ ഉന്നയിച്ചത്.
ഇതിനിടെ, ജയിലിൽ പോയാലും പിഴയടയ്ക്കില്ലെന്ന് മാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തിയിരുന്നോ എന്ന് കോടതി ചോദിച്ചു. പരിസ്ഥിതിനാശം വരുത്തിയതിനാണ് പിഴ ഈടാക്കുന്നതെന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചതിനാലാണ് അങ്ങനെ പറയേണ്ടി വന്നതെന്ന് ആർട്ട് ലിവിങിന് വേണ്ടി ഹാജരായ അഭിഭാഷക മറുപടി നൽകി.
പിഴയടച്ചില്ലെങ്കിൽ സംഘടനക്കെതിരെ നടപടയെടുക്കേണ്ടിവരുമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ അധ്യക്ഷൻ സ്വതന്ത്രകുമാർ വ്യക്തമാക്കി.