ന്യൂഡല്‍ഹി|
സജിത്ത്|
Last Modified വെള്ളി, 29 ഏപ്രില്‍ 2016 (15:58 IST)
നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും മറ്റു കോണ്‍ഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്യാനുള്ള ചങ്കുറപ്പ് മോദി സര്‍ക്കാരിനുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. 3600 കോടി രൂപയുടെ അഗസ്ത വെസ്റ്റ്‍ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ കോണ്‍ഗ്രസ് നേതാക്കളുടെ ഇടങ്ങളില്‍ സി ബി ഐ റെയ്‍ഡ് നടത്താത്തതെന്തുകൊണ്ടാണെന്ന് അദ്ദേഹം ആരാഞ്ഞു. ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൌനം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
ബി ജെ പിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്തായിരുന്നു കെജ്‍രാവാളിന്റെ ട്വീറ്റ്. അഗസ്ത വെസ്റ്റ്‍ലാന്‍ഡ് കേസില്‍ കടുത്ത നടപടിയെടുക്കാന്‍ ബി ജെ പി തയാറാവില്ല. കാരണം ബി ജെ പിയുടെ ഉദ്ദേശം മോശമാണ്. കോണ്‍ഗ്രസും ബി ജെ പിയും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ തെളിവാണ് ഇതിനു കാരണമെന്നും കെജ്‍രിവാള്‍ ആരോപിച്ചു. ഇതാദ്യമായാണ് ഒരു വിഷയത്തില്‍ കെജ്‍രിവാള്‍ സോണിയ ഗാന്ധിക്കെതിരെ തിരിയുന്നത്. മോദിയെന്താണ് ഈ വിഷയത്തില്‍ മൌനം പാലിക്കുന്നതെന്ന് ചോദിച്ച കെജ്‍രിവാള്‍, ബി ജെ പി സര്‍ക്കാര്‍ ആദ്യം വദ്രയെ വെറുതെവിട്ടുവെന്നും ഇപ്പോള്‍ അഗസ്ത ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ തലമൂത്ത നേതാക്കളെ സംരക്ഷിച്ചു വരുകയാണെന്നും വ്യക്തമാക്കി.