ഇനി കൈലാസത്തിലേക്ക് വേഗമെത്താം!

ഗാങ്ടോക്| Last Modified ഞായര്‍, 30 നവം‌ബര്‍ 2014 (11:37 IST)
ഇനി കൈലാസത്തിലേക്ക് വേഗമെത്താം. സിക്കിമിലെ നാഥുല വഴി കൈലാസ- മാനസ സരോവര്‍ യാത്ര എളുപ്പമാവും. യാത്രയ്ക്കായി പുതിയ പാത അടുത്ത
ജൂണില്‍ തുറന്നുകൊടുക്കും. നാഥുല വഴി കൈലാസ യാത്രയ്ക്ക് പുതിയ പാത തുറക്കാന്‍ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യയും ചൈനയും കരാര്‍ ഒപ്പിട്ടിരുന്നു.

ഉത്തരാഖണ്ഡിലെ ലിപുലേഖ് ചുരം വഴിയുള്ള ഇപ്പോഴത്തെ പാതയ്ക്കു പുറമേയാണ് നാഥുലയിലൂടെ പുതിയ പാത തുറക്കുന്നത്. യാത്ര പൂര്‍ത്തിയാക്കാന്‍ എട്ടു ദിവസമാണ് വേണ്ടി വരിക. നേപ്പാള്‍ വഴിയുള്ള യാത്രയ്ക്ക് പത്തു ദിവസം വേണം. ഉത്തരാഖണ്ഡ് വഴി 27 ദിവസവും. ഉത്തരാഖണ്ഡിലൂടെയും നേപ്പാളിലൂടെയുമുള്ള കൈലാസയാത്രകള്‍ക്ക് 19,500 അടി വരെ ഉയരത്തിലുള്ള അതിദുര്‍ഘട പാതകള്‍ താണ്ടണം.

പത്തു സംഘങ്ങളിലായി 1600 തീര്‍ഥാടകരെയാണ് പാതയിലൂടെ കൈലാസത്തിലേക്കു പോകാന്‍ അനുവദിക്കുക. പുതിയ പാതയില്‍ സൌകര്യങ്ങളുറപ്പാക്കുന്ന തിരക്കിലാണ് കേന്ദ്രവും സിക്കിം സര്‍ക്കാരും.

നാഥുല വഴിയുള്ള യാത്രയ്ക്ക് ക്ലേശം കുറവാണെന്നതും സമയലാഭമുണ്ടെന്നതുമാണ് തീര്‍ഥാടകര്‍ക്കുള്ള മെച്ചം. പുതിയ പാതയില്‍ മാനസ സരോവര്‍ വരെ വാഹനസൌകര്യമുണ്ടെന്നതാണ് വലിയ ഗുണം. പ്രായത്തിന്റെ അവശതകളുള്ളവര്‍ക്ക് ഇത് അനുഗ്രഹമാകും.
സിക്കിമിലെ ഗാങ്ടോക്കില്‍നിന്ന് ടിബറ്റിലെ ഷിഗറ്റ്സെയിലെത്തിയ ശേഷം അവിടെനിന്ന് വാനിലോ ബസിലോ കൈലാസത്തിലേക്കുള്ള റോഡിലെത്താം.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :