ന്യൂഡല്‍ഹി|
jibin|
Last Modified വ്യാഴം, 17 സെപ്‌റ്റംബര്‍ 2015 (08:20 IST)
രണ്ടു നേപ്പാളി സ്വദേശിനികളെ പീഡിപ്പിച്ച സൗദി നയതന്ത്രജ്ഞന്‍ ഇന്ത്യവിട്ടു. സൗദി ഇയാളെ തിരിച്ചുവിളിച്ചതായാണ് സൂചന. വിയന്ന കരാര്‍പ്രകാരമാണ് ഇയാളെ വിട്ടയച്ചതെന്ന് ഇന്ത്യ അറിയിച്ചു. ഇതോടെ ഇയാളുടെ വിചാരണ ഇന്ത്യയില്‍ നടക്കില്ലെന്ന് ഉറപ്പായി. വിയന്ന കൺവെൻഷനിലെ വ്യവസ്ഥ പ്രകാരം നയതന്ത്രജ്ഞനുള്ള പ്രത്യേക അധികാരം കണക്കിലെടുത്താണ് നാടു വിട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം.
രണ്ടു നേപ്പാളി സ്ത്രീകളെ പീഡിപ്പിച്ചെന്ന ആരോപണമുയർന്ന സൗദി എംബസിയിലെ ഫസ്റ്റ് സെക്രട്ടറിയായ മജീദ് ഹസൻ അഷൂറാണ്
രാജ്യം വിട്ടത്. നയതന്ത്ര പ്രതിനിധി രാജ്യം വിട്ടെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.
വിയന്ന കണ്‍വെന്‍ഷന്‍ അനുസരിച്ച് നയതന്ത്ര പ്രതിനിധികള്‍ക്ക് അറസ്റ്റില്‍ നിന്നും മറ്റു നടപടികളില്‍ നിന്നും പൂര്‍ണ പരിരക്ഷയാണുള്ളത്. അതിനാൽ തന്നെ പ്രതിനിധിക്കും അടുത്ത കുടുംബാഗംങ്ങൾക്കും പരിരക്ഷ ലഭിക്കുമെന്നാണ് നിയമം. ഇന്ത്യയിലെ നിയമങ്ങള്‍ക്കനുസൃതമായി ഇവരുടെ മേല്‍ കുറ്റം ചുമത്താന്‍ സര്‍ക്കാരിനും പരിമിതികളുണ്ട്.
വീട്ടുജോലിക്കെത്തിയ നേപ്പാള്‍ സ്വദേശിനികളായ സ്ത്രീയെയും മകളെയും ഗുഡ്ഗാവിലെ ഫ്ളാറ്റില്‍ തടഞ്ഞുവെച്ച് തുടര്‍ച്ചയായി മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. കൂടാതെ നയതന്ത്രജ്ഞന്റെ ഭാര്യയും മകളും നിരന്തരം തങ്ങളെ അവഹേളിച്ചെന്നും ക്രൂരമായി മർദ്ദിച്ചെന്നും പരാതിയിൽ പറയുന്നു. നയതന്ത്ര ഉദ്യോഗസ്ഥന്‍ തുടര്‍ച്ചയായി പീഡിപ്പിച്ചതിന് പുറമെ, ഫ്ളാറ്റില്‍ സന്ദര്‍ശകരായി എത്തിയ വിദേശ സുഹൃത്തുക്കള്‍ക്ക് തങ്ങളെ കാഴ്ചവെച്ചുവെന്നും സ്ത്രീകള്‍ മജിസ്ട്രേറ്റ് മുമ്പാകെ നല്‍കിയ മൊഴിയില്‍ പറഞ്ഞു. ഇതേതുടർന്ന് മാനഭംഗം, അന്യായമായി തടഞ്ഞുവെക്കല്‍, വധഭീഷണി തുടങ്ങി വകുപ്പുകള്‍ പ്രകാരം ഗുഡ്ഗാവ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ഫ്‌ളാറ്റ് റെയ്ഡ് ചെയ്ത് പൊലീസ് സ്ത്രീകളെ മോചിപ്പിച്ചതോടെയാണ് നാലു മാസത്തോളമായി തുടർന്ന പീഡനവിവരങ്ങൾ പുറത്തറിയുന്നത്.
അതേസമയം, പരാതി കെട്ടിച്ചമച്ചതാണെന്ന നിലപാടിൽ തന്നെയാണ് സൗദി അറേബ്യ. നയതന്ത്ര വ്യവസ്ഥകൾ കാറ്റിൽ പറത്തി വീട്ടിൽ റെയ്ഡ് നടത്തിയെന്നും സൗദി ആരോപിക്കുന്നു.