ലക്നൌ|
BIJU|
Last Updated:
ചൊവ്വ, 4 ഡിസംബര്‍ 2018 (18:10 IST)
ചില വാര്‍ത്തകള്‍ നമ്മളെ ആശ്ചര്യപ്പെടുത്തും. ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങള്‍ യഥാര്‍ത്ഥ്യമാകുന്നത് കണ്ട് അമ്പരക്കും. ചില ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ സിനിമയേക്കാള്‍ സിനിമാറ്റിക്കാണെന്നതാണ് വസ്തുത.
2013 മേയ് ആറിന് ഉത്തര്‍പ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു വാര്‍ത്ത കാണൂ. നിങ്ങളും അത്ഭുതപ്പെടുമെന്ന് തീര്‍ച്ച. വാര്‍ത്ത ഇങ്ങനെയാണ്:
ഓടുന്ന ട്രെയിനില്‍ ഇരട്ടകളെ പ്രസവിച്ച് മാധ്യമശ്രദ്ധ നേടിയ യുവതി വീണ്ടും ട്രെയിനില്‍ പ്രവസിച്ചു. ഇത്തവണവും ഇരട്ടക്കുട്ടികളാണ് പിറന്നത്. ഉത്തര്‍പ്രദേശുകാരി സുബിന്‍ നിഷയാണ് രണ്ടാമതും ട്രെയിനില്‍ പ്രസവിച്ചത്. നാല് വര്‍ഷം മുമ്പായിരുന്നു ആദ്യ പ്രസവം.
ഞായറാഴ്ച മുംബൈയില്‍ നിന്ന് ഗോണ്ടയിലേക്ക് ഭര്‍ത്താവിനൊപ്പം ഖുഷിഗര്‍ എക്സ്പ്രസില്‍ യാത്ര ചെയ്യവേയാണ് യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. സ്വദേശമായ ഗോണ്ടയിലേക്ക് പ്രസവത്തിനായി പോകുമ്പോഴായിരുന്നു ഇത്. ഒടുവില്‍ ഉന്നാവോയ്ക്കും ലക്നൌവിനും മധ്യേ യുവതി പ്രസവിച്ചു. രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ ആണ് പിറന്നത്. ട്രെയിനിലെ മറ്റ് സ്ത്രീകള്‍ ഇവരുടെ സഹായത്തിനെത്തി.
വിവരം ലഭിച്ചതനുസരിച്ച് റയില്‍വെ മെഡിക്കല്‍ സംഘം ലക്നൌ സ്റ്റേഷനില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. ട്രെയിന്‍ ലക്നൌവില്‍ എത്തിയപ്പോള്‍ അമ്മയെയും കുഞ്ഞുങ്ങളെയും ലക്നൌ ക്യൂന്‍ മേരി ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ദൈവത്തിനും സഹയാത്രക്കാര്‍ക്കും സുബിന്‍ നിഷയുടെ ഭര്‍ത്താവ് ഹബീബുള്ള നന്ദി പറഞ്ഞു.