ചെന്നൈ/മുബൈ|
jibin|
Last Updated:
വ്യാഴം, 11 ഒക്‌ടോബര്‍ 2018 (12:15 IST)
മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. 54 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
ഇന്ദിരാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥയിലുള്ള ഐഎന്‍എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്സ്‌മെന്റിന്റെ നടപടി.
കാർത്തി ചിദംബരത്തിന്റെ ബ്രിട്ടനിലേയും സ‌്‌പെയിനിലേയും വസതിയും കണ്ടുകെട്ടിയതില്‍ ഉള്‍പ്പെടും. ന്യൂഡല്‍ഹി ജോര്‍ ബാഗിലെയും, ഊട്ടി, കൊടൈക്കനാല്‍ എന്നിവടങ്ങളിലെ ബംഗ്ലാവുകളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടും.
ഐഎൻഎക്സ് മീഡിയ കമ്പനിക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് പി ചിദംബരം ധനമന്ത്രിയായിരിക്കെ കാര്‍ത്തി ചിദംബരം 10 ലക്ഷം രൂപ കോഴവാങ്ങി ഇടപെടൽ നടത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഈ കേസില്‍ കാര്‍ത്തിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാള്‍ ജാമ്യത്തിലിറങ്ങി.