മുംബൈ|
Last Modified ശനി, 5 ജൂലൈ 2014 (15:24 IST)
2011ല്‍ മുംബൈയില്‍ നടത്തിയ സ്‌ഫോടന പരമ്പരകളില്‍ അഭിമാനമുണ്ടെന്ന് ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപക നേതാവ് യാസിന്‍ ഭട്കല്‍. മഹാരാഷ്ട്ര പോലീസിന്റെ തീവ്രവാദ വിരുദ്ധ സേനയുടെ ചോദ്യം ചെയ്യലിലാണ് ഭട്കലിന്റെ പ്രതികരണം. സ്‌ഫോടനങ്ങള്‍ നടത്തിയത് കുറ്റമായി കാണുന്നില്ലെന്നും അതിനാല്‍ മനഃസ്താപമില്ലെന്നും ഭട്കല്‍ പറഞ്ഞു.
എടിഎസിന്റെ ചോദ്യം ചെയ്യലില്‍ 2005 മുതല്‍ നടത്തിയ സ്‌ഫോടനങ്ങളുടെ വിവരങ്ങള്‍ ഭട്കല്‍ കൈമാറി. 2002-ലെ
ഗോധ്ര കലാപത്തിന്റെ പ്രതികാരമായാണ് സ്‌ഫോടനങ്ങള്‍ നടത്തിയതെന്നൂം ഭട്കല്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ബിഹാറില്‍ നിന്നാണ് ഭട്കലിനെ എന്‍ഐഎ പിടികൂടിയത്. പിന്നീട് മഹാരാഷ്ട്ര എടിഎസിന് കൈമാറി. ഭട്കലിനും അക്തറിനുമെതിരെ ജൂണ്‍ 16ന് എടിഎസ് സപ്ലിമെന്ററി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മുംബൈയില്‍ സവേരി ബസാര്‍, ഒപേറ ഹീസ്, കബൂതര്‍ ഖാന എന്നിവിടങ്ങളില്‍ 2011 ജൂലൈ 31നുണ്ടായ മൂന്ന് സ്‌ഫോടനങ്ങള്‍ക്കു പിന്നിലെ മുഖ്യ സൂത്രധാരന്‍ ഭട്കലാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 21 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടന പരമ്പരയില്‍ 141 പേര്‍ക്ക് പരുക്കേറ്റിരുന്നു. അഹമ്മദാബാദ്, സൂറത്ത്, ബംഗലൂരു, പൂനെ, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ തീവ്രവാദ സ്‌ഫോടനങ്ങള്‍ നടത്തിയതിനു പിന്നില്‍ ഭട്കലിന്റെ കരങ്ങളാണെന്ന് കണ്ടെത്തിയിരുന്നു.