ഐ പി എല്‍ മാമാങ്കത്തിന് ഇനി മൂന്നുനാള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി 20 ഒമ്പതാം സീസണിന്‌ ഇനി മൂന്നു നാള്‍.

മുംബൈ, ഐ പി എല്, പുനെ, ഗുജറാത്ത്‌, ഏപ്രില്‍ 9, മെയ് 29 mumbai, IPL, pune, gujarath, april 9, may 29
മുംബൈ| സജിത്ത്| Last Updated: ബുധന്‍, 6 ഏപ്രില്‍ 2016 (12:37 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി 20 ഒമ്പതാം സീസണിന്‌ ഇനി മൂന്നു നാള്‍. ഒമ്പതിന്‌ മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും മഹേന്ദ്ര സിങ്‌ ധോണിയുടെ നേതൃത്വത്തില്‍ തങ്ങളുടെ കന്നി അംഗത്തിനിറങ്ങുന്ന റൈസിങ്‌ പുനെ സൂപ്പര്‍ ജയന്റ്‌സും തമ്മില്‍ കൊമ്പുകോര്‍ക്കുന്നതോടെ ഐ പി എല്‍
2016 സീസണിന്‌ തുടക്കമാകും.

ഒത്തുകളി വിവാദങ്ങളെതുടര്‍ന്ന്‌ മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജസ്‌ഥാന്‍ റോയല്‍സിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് പുനെ ആസ്‌ഥാനമാക്കിയ ഫ്രാഞ്ചെസിയുടെ റൈസിങ്‌ പുനെ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത്‌ ആസ്‌ഥാനമാക്കിയ ഫ്രാഞ്ചൈസിയുടെ ഗുജറാത്ത്‌ ലയണ്‍സ്‌ എന്നീ ടീമുകളെ ഈ സീസണില്‍ പുതിയതായി ഉള്‍പ്പെടുത്തി‍.

ചെന്നൈ സൂപ്പര്‍കിങ്ങ്സ്, രാജസ്‌ഥാന്‍ റോയല്‍‌സ് എന്നീ ടീമികളിലുണ്ടായിരുന്ന താരങ്ങളാണ്‌ ഈ രണ്ടു ടീമുകളിലായി അണിനിരന്നിരിക്കുന്നത്‌. ചെന്നൈയുടെ ക്യാപ്‌റ്റന്‍ കൂള്‍ എം എസ് ധോണി സൂപ്പര്‍ ജയന്റ്‌സിനെ നയിക്കാനിറങ്ങുമ്പോള്‍ സൂപ്പര്‍ കിങ്‌സില്‍ ഒപ്പമുണ്ടായിരുന്ന രവിചന്ദ്രന്‍ അശ്വിന്‍, ഫാഫ്‌ ഡുപ്ലീസിസ്‌, ഈശ്വര്‍ പാണ്ഡെ, ആല്‍ബി മോര്‍ക്കല്‍, ഇര്‍ഫാന്‍ പഠാന്‍, തുടഞ്ഞിയവരും ധോണിക്ക് കൂട്ടായുണ്ട്. ഇവരെക്കൂടാതെ കെവിന്‍ പീറ്റേഴ്‌സണ്‍, മുന്‍ രാജസ്‌ഥാന്‍ താരം സ്‌റ്റീവന്‍ സ്‌മിത്ത്‌, ആര്‍ പി സിങ്‌, ഇഷാന്ത്‌ ശര്‍മ, മിച്ചല്‍ മാര്‍ഷ്‌ എന്നിവരും ധോണിപ്പടയിലുണ്ട്‌.

ചെന്നൈയില്‍ ധോണിയുടെ വിശ്വസ്‌തനായിരുന്ന സുരേഷ്‌ റെയ്‌ന നയിക്കുന്ന ഗുജറാത്ത്‌ ലയണ്‍സില്‍ ഡെ്വയ്‌ന്‍ ബ്രാവോ, ജെയിംസ്‌ ഫോക്‌നര്‍, ആരോണ്‍ ഫിഞ്ച്‌, രവീന്ദ്ര ജഡേജ, ഡെ്വയ്‌ന്‍ സ്‌മിത്ത്‌, ഡെയ്‌ല്‍ സ്‌റ്റെയ്‌ന്‍, ബ്രണ്ടന്‍ മക്കല്ലം, പ്രവീണ്‍ കുമാര്‍ തുടങ്ങിയ വമ്പന്മാരാണ്‌ അണിനിരക്കുന്നത്‌.

ഈ പുതുമുഖ ടീമുകള്‍ക്കൊപ്പം ആരാധകരുടെ പ്രിയപ്പെട്ട മുംബൈ ഇന്ത്യന്‍സ്‌, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്‌, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്‌, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്‌ എന്നിവരും ചേരുമ്പോള്‍ വരുന്ന രണ്ടുമാസം ക്രിക്കറ്റ്‌ ആരാധകര്‍ക്ക്‌ ഉറക്കമില്ലാത്ത രാവുകളായി മാറും.

ഏപ്രില്‍ ഒമ്പതു മുതല്‍ മേയ്‌ 22 വരെയാണ്‌ ലീഗ്‌ മത്സരങ്ങള്‍. മേയ്‌ 24ന്‌ ഒന്നാം ക്വാളിഫൈയറും 25-ന്‌ എലിമിനേറ്ററും നടക്കും. 27-നാണ്‌ രണ്ടാം ക്വാളിഫൈയര്‍. മെയ് 29-ന്‌ മുംബൈയില്‍ തന്നെയാണ് ഫൈനല്‍ മത്സരം നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :