aparna shaji|
Last Modified ചൊവ്വ, 17 ജനുവരി 2017 (13:36 IST)
പ്രശസ്തമായ ഗേ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് അതുവഴി പൊലീസ് ഉദ്യോഗസ്ഥനെ കൊള്ളയടിച്ച ഇരുപത്തിനാലുകാരൻ പിടിയിൽ. ഘാട്കോപ്പർ സ്വദേശിയായ ജാവേദ് ജലാൽ എന്ന ജിഷു(27)വിനെയാണ് കഴിഞ്ഞ ദിവസം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
സ്വവർഗ്ഗാനുരാഗികളുടെ സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റായ പ്ലാനറ്റ് റോമിയോയിൽ നാല് മാസം മുമ്പ് യുവാവ് അർബാസ് എന്ന പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി. അക്കൗണ്ട് വഴി ഒരു കോൺസ്റ്റബിളുമായി സമ്പർക്കം തുടങ്ങിയ ജിഷു നേരിൽ കാണണമെന്ന് ആവശ്യപ്പെടുകയും, തുടർന്ന് ഘട്കോപ്പറിൽ ഉള്ള ലക്ഷ്മി സിനിമാസിൽ വെച്ച് കാണാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
ഘാട്കോപ്പർ, വിക്രോളി സ്റ്റേഷനുകൾക്കിടയിലുള്ള റെയിൽവേ ട്രാക്കിലെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് യുവാവ് കോൺസ്റ്റബിളിനെ കൂട്ടികൊണ്ട് പോയി. കുറച്ച് സമയത്തിന് ശേഷം ജിഷുവിന്റെ രണ്ട് സുഹൃത്തുക്കൾ സ്ഥലത്തെത്തുകയും ഇയാളുടെ കൈവശം ഉണ്ടായിരുന്ന വിലപിടിച്ച വസ്തുക്കൾ കൊള്ളയടിക്കുകയും ചെയ്തു. മൊബൈൽ ഫോൺ, ഏതാണ്ട് 30,000ലധികം രൂപ എന്നിവയാണ് യുവാക്കൾ കൊള്ളയടിച്ചത്.
കോൺസ്റ്റബിളിന്റെ പരാതിയെ തുടർന്ന് കുർല സ്റ്റേഷനിൽ യുവാക്കൾക്കെതിരെ ജനുവരി 13ന് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിനൊടുവിൽ ശനിയാഴ്ചയാണ് ജിഷുവിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. കേസിൽ പൊലീസുകാരൻ ഉൾപ്പെട്ടുള്ളതിനാൽ അപമാനം ഭയന്ന് മറ്റ് വിശദാംശങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.