പരിചയസമ്പത്ത് ഇല്ലാത്തതല്ല, ബൌളര്‍മാരുടെ കഴിവുകേട് ഇന്ത്യയെ തോല്‍പ്പിച്ചു: സൌരവ് ഗാംഗുലി

മുംബൈ| Sajith| Last Modified വ്യാഴം, 21 ജനുവരി 2016 (16:52 IST)
ഇന്ത്യന്‍ ബൌളര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യയുടെ മുന്‍ നായകന്‍ സൌരവ് ഗാംഗുലി രംഗത്ത്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ തോല്‍വിക്കുള്ള പ്രധാന ഉത്തരവാദികള്‍ ഇന്ത്യന്‍ ബൌളര്‍മാരാണെന്ന് ഗാംഗുലി കുറ്റപ്പെടുത്തി.



പരിചയസമ്പത്ത് ഇല്ലാത്തതല്ല മറിച്ച് ബൌളര്‍മാരുടെ കഴിവുകേടാണ്‌ ഇന്ത്യന്‍ ടീമിലെ ബൗളര്‍മാര്‍ നേരിടുന്ന പ്രധാനപ്രശ്‌നം എന്ന് അദ്ദേഹം പറഞ്ഞു. 2007ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇഷാന്ത്‌ ശര്‍മ ടീമിലുണ്ടായിരുന്നു. ഉമേഷ്‌ യാദവും അശ്വിനും ഉള്‍പ്പെട്ടതായിരുന്നു 2011ല്‍ നടന്ന ഓസീസ്‌ പര്യടനം. ഈ മൂന്നുപേരും ഉള്‍പ്പെട്ടതു തന്നെയാണ് ഇപ്പോഴത്തെ ടീം എന്നത് പ്രത്യേകം ഓര്‍ക്കണമെന്നും ഗാംഗുലി വ്യക്‌തമാക്കി.

ആഭ്യന്തര ക്രിക്കറ്റുകളില്‍ മികച്ച പ്രകടനം നടത്തിയ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് ടീമിന്‌ പുതിയ ഊര്‍ജ്ജം നല്‍കുമെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ പുകഴ്ത്താനും ഗാംഗുലി
മറന്നില്ല. പര്യടനത്തില്‍ ഉടനീളം മികച്ച പ്രകടനം കാഴ്‌ചവച്ച കോഹ്‌ലിയെയും രഹാനെയെയും ഗാംഗുലി പ്രശംസ കൊണ്ട്‌ മൂടി. സച്ചിനും ലക്ഷ്‌മണുമൊക്കെ ഓസ്‌ട്രേലിയയില്‍ കാഴ്‌ച വച്ച പ്രകടനത്തെക്കാള്‍ മികച്ച പ്രകടനമാണ്‌ കോഹ്‌ലി കാഴ്‌ച വെയ്‌ക്കുന്നതെന്നും ഇത്തരം പ്രകടനങ്ങള്‍ ഇനിയും തുടരാന്‍ അവര്‍ക്കു കഴിയട്ടെയെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :