ഇവന്‍ പുലിയാണ് കെട്ടോ; കോഹ്‌ലി സെഞ്ചുറിയടിച്ചപ്പോള്‍ വസീം അക്രം ഞെട്ടിപ്പോയി, കാരണം ഇതാണ്

 വിരാട് കോഹ്‌ലി , മഹേന്ദ്ര സിംഗ് ധോണി , വസീം അക്രം , ഓസ്‌ട്രേലിയ
കാന്‍ബറ| jibin| Last Modified ബുധന്‍, 20 ജനുവരി 2016 (19:13 IST)
ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തിലും ടീം ഇന്ത്യ തോല്‍വിയറിഞ്ഞെങ്കിലും നായകസ്ഥാനത്തേക്കുള്ള ചുവടുവെപ്പിലാണ് യുവതാരം വിരാട് കോഹ്‌ലി. ടീം ഇന്ത്യയുടെ വിജയനായകനായ മഹേന്ദ്ര സിംഗ് ധോണി തിരിച്ചടികള്‍ നേരിടുബോഴും തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ കോഹ്‌ലി മുന്നേറുകയാണ്. കാന്‍‌ബറ ഏകദിനത്തിലും കോഹ്‌ലി സെഞ്ചുറി അടിച്ചപ്പോള്‍ സന്തോഷിക്കാന്‍ മറ്റൊരു താരവുമുണ്ടായിരുന്നു, വേറാരുമല്ലിത് സാക്ഷാല്‍ വസീം അക്രം തന്നെ.

പെര്‍ത്തിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറിക്ക് ഒമ്പതു റണ്‍സ് അകലെ കോഹ്‌ലി പുറത്തായിരുന്നു. മത്സരശേഷം കോഹ്ലിയുമായി സംസാരിച്ച അക്രം കോഹ്ലിക്കു സെഞ്ചുറി നഷ്ടമായതിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു. സെഞ്ചുറി നഷ്‌ടമായതില്‍ തെല്ലും വിഷമമില്ലാതിരുന്ന കോഹ്‌ലി അക്രത്തിന് മറ്റൊരു ഉറപ്പ് കൂടി നല്‍കുകയായിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ തന്നെ രണ്ടു സെഞ്ചുറി നേടുമെന്ന് ഉറപ്പു നല്‍കുകയുമായിരുന്നു.

ഇതിനു ശേഷം നടന്ന രണ്ടാം ഏകദിനത്തില്‍ 59 റണ്‍സിന് കോഹ്‌ലി പുറത്തായെങ്കിലും മൂന്നാം ഏകദിനത്തില്‍ മെല്‍ബണില്‍
സെഞ്ചുറി തികച്ചു. ഇന്ന് കാന്‍ബറയില്‍ നാലാം ഏകദിനത്തിലും സെഞ്ചുറി നേടിയ കോഹ്‌ലി വസീം ഭായ്‌ക്ക് നല്‍കിയ ഉറപ്പ് പാലിക്കുക കൂടിയായിരുന്നു. ഇരുവരും മാത്രമറിഞ്ഞിരുന്ന സ്വകാര്യമായ ഈ സംഭാഷണം പുറത്തുവിട്ടത് അക്രം തന്നെയാണ്.


അതേസമയം, നാലാം ഏകദിനത്തിലെ തോല്‍‌വിയുടെ ഉത്തരവാദിത്വം തനിക്കാണെന്ന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി പറഞ്ഞു. നാല്‍പ്പത്തിയാറാം ഓവറിനുള്ളില്‍ ജയിക്കാമെന്നാണ് കരുതിയിരുന്നത്, എന്നാല്‍ 38മത് ഓവറില്‍ തന്റെ വിക്കറ്റ് വീണത് നിർണായക സമയത്തായി. തോല്‍വിക്ക് കാരണമായത് ഈ വിക്കറ്റായിരുന്നുവെന്നും ധോണി പറഞ്ഞു.

ജയത്തിന്റെ വക്കില്‍ നിന്നുണ്ടായ ഈ തോല്‍വി ടീമിനെ നിരാശപ്പെടുത്തിയിരിക്കുന്നു. നന്നായി ബാറ്റ് ചെയ്യാൻ ടീമിന് സാധിച്ചില്ല. തന്റെ വിക്കറ്റിന് പിന്നാലെ കോഹ്‌ലിയും പുറത്തായതോടെ യുവനിര സമ്മർദങ്ങൾക്ക് അടിമപ്പെട്ടു. അവർക്ക് ഈ മത്സരത്തിൽ നിന്നും പഠിക്കാൻ ഏറെയുണ്ടെന്നും ധോണി വ്യക്തമാക്കി.

നാലാം ഏകദിനത്തില്‍ 25 റൺസിനാണ് ഇന്ത്യ തോല്‍വിയറിഞ്ഞത്. 349 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 49.2 ഓവറില്‍ 323 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് (212) വിരാട് കോഹ്‍ലിയും ശിഖർ ധവാനും ഇന്ത്യയെ ജയിപ്പിക്കുമെന്ന് തോന്നിച്ചുവെങ്കിലും ഇരുവരും പുറത്തായശേഷം വിക്കറ്റുകള്‍ തുടരെ പൊഴിയുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :