നവവരൻ മരിച്ചത് കൊവിഡ് മൂലമെന്ന് സംശയം, പട്‌നയിൽ വിവാഹചടങ്ങി‌ൽ പങ്കെടുത്ത 113 പേർക്ക് കൊവിഡ്

പട്‌ന| അഭിറാം മനോഹർ| Last Modified ബുധന്‍, 1 ജൂലൈ 2020 (12:16 IST)
പട്‌ന: പട്‌നയിൽ നവവരൻ കൊവിഡ് ബാധിച്ച് മരണപ്പെട്ടതിന് പിന്നാലെ വിവാഹചടങ്ങിൽ പങ്കെടുത്ത 113 പേർക്ക് കൂടി രോഗം സ്ഥിരീകറ്റിച്ചു.പട്‌ന ജില്ലയിലെ പാലിഗഞ്ച് സബ് ഡിവിഷനില്‍ ജൂണ്‍ 15ന് നടന്ന വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.കടുത്ത പനിയെ തുടര്‍ന്ന്, വിവാഹം നടന്ന് രണ്ടു ദിവസത്തിനു ശേഷമാണ് 30കാരനായ മരിച്ചത്. കൊറോണ പരിശോധനകൾ നടത്താതെയാണ് ഇയാളുടെ മൃതദേഹം സംസ്‌കരിചത്. അതേ സമയം വധുവിന് രോഗം സ്ഥിരീകരിച്ചിട്ടില്ല.

മെയ് മാസം അവസാനത്തോടെ നാട്ടിലെത്തിയ വരൻ ജൂൺ പതിനാലോടെ അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും വിവാഹം മാറ്റിവെക്കണമെന്ന് പറയുകയും ചെയ്‌തിരുന്നു. എന്നാൽ വരന്റെയും വധുവിന്റെയും കുടുംബങ്ങളിലെ മുതിര്‍ന്നവര്‍ ഇതിനെ എതിർത്തു. വിവാഹം മാറ്റിവെച്ചാൽ സാമ്പത്തികനഷ്ടം ഉണ്ടാവുമെന്ന് ചൂണ്ടികാണിച്ചായിരുന്നു എതിർപ്പ്.വിവാഹം നടന്ന് രണ്ട് ദിവസത്തിൽ തന്നെ യുവാവിന്റെ സ്ഥിതി വഷളായി.പട്‌നയിലെ എ.ഐ.ഐ.എം.എസിലേക്ക് ഇദ്ദേഹത്തെ കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

സംസ്‌കാരം കഴിഞ്ഞതിനാൽ വരന് കൊവിഡ് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. പക്ഷേ വിവാഹചടങ്ങിൽ പങ്കെടുത്തവർക്ക് കൂട്ടമായി വന്നതോടെ വരന് കൊവിഡ് ആയിരുന്നുവെന്ന സംശയം ബലപ്പെടുകയാണ്.വരന്റെ ബന്ധുക്കളും അതിഥികളും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്.പാലിഗഞ്ചിലെയും സമീപ നഗരങ്ങളായ നൗബത്പുര്‍, ബിഹട എന്നിവിടങ്ങളില്‍നിന്നുള്ള വധുവിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ 360 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. പാലിഗഞ്ച് സബ് ഡിവിഷനെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :