ചന്ദ്രനില്‍ വെള്ളമുണ്ടെന്ന് അഞ്ചാം നൂറ്റാണ്ടില്‍ തന്നെ ഇന്ത്യാക്കാര്‍ക്ക് അറിയാമായിരുന്നു...!

ചന്ദ്രന്‍, വെള്ളം, വേദം, ഇന്ത്യ
ന്യൂഡല്‍ഹി| vishnu| Last Modified തിങ്കള്‍, 23 ഫെബ്രുവരി 2015 (12:37 IST)
ചന്ദ്രനില്‍ വെള്ളമുണ്ടെന്ന് കണ്ടെത്തിയത് ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞരാണ്. ഇന്ത്യയുടെ അഭിമാന ചന്ദ്രദൌത്യമായ ചാന്ദ്രയാന്‍ ആയിരുന്നു ചന്ദ്രനിലെ ജലസാന്നിധ്യം ലോകത്തെ അറിയിച്ചത്.
എന്നാല്‍ ബഹിരാകാശ പേടകങ്ങള്‍ സ്വപ്നം പോലും കാണാന്‍ തക്ക വികാസം ശാസ്ത്ര ലോകത്ത് ഉണ്ടാകാതിരുന്ന വേദകാലഘടത്തില്‍ അതായത് അഞ്ചാം നൂറ്റാണ്ടുകളില്‍ തന്നെ ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞര്‍ ചന്ദ്രനില്‍ വെള്ളമുണ്ടെന്ന് മന്‍സിലാക്കിയിരുന്നത്രേ! പറയുന്നത് വേറാരുമല്ല. ചന്ദ്രയാന്‍ ദൌത്യത്തിന് ചുക്കാന്‍ പിടിച്ച മുന്‍ ഐ‌എസ്‌ആര്‍‌ഒ ചെയര്‍മാന്‍ ജി മാധവന്‍ നായരാണ്.

ചന്ദ്രനില്‍ വെള്ളത്തിന്റെ സാന്നിദ്ധ്യം ആര്യഭട്ടനേയും ഭാസ്‌കരനേയും പോലുള്ള ഇന്ത്യന്‍ ആചാര്യന്മാര്‍ അഞ്ചാം നൂറ്റാണ്ടില്‍ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഗുരുത്വാകര്‍ഷണ ബലം ന്യൂട്ടന്‍ കണ്ടെത്തുന്നതിനേക്കാള്‍ 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞര്‍ അത് കണ്ടെത്തിയിരുന്നുവെന്നുമാണ് മാധവന്‍ നായര്‍ പറഞ്ഞിരിക്കുന്നത്. അതിനാല്‍ ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളുടെ അവകാശം ഇന്ത്യാക്കാര്‍ക്ക് ആണെന്നാണ് മാധവന്‍ നായര്‍ പറയുന്നത്.

വേദങ്ങളെക്കുറിച്ചുള്ള അന്തര്‍ദേശീയ സമ്മേളനത്തിലാണ് മാധവന്‍ നായര്‍ ഇക്കാര്യം പറഞ്ഞത്. ആള്‍ജിബ്ര, ജ്യോതിശാസ്ത്രം, ജ്യോതിഷം, ഗണിതശാസ്ത്രം, ലോഹസംസ്‌കരണ ശാസ്ത്രം, വാസ്തുവിദ്യ എന്നിവയെക്കുറിച്ച് പാശ്ചാത്യര്‍ അറിയുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ നമ്മുടെ പുരാതന വേദഗ്രന്ഥങ്ങളില്‍ ഇവയെക്കുറിച്ച് പ്രതിപാദിച്ചിരുന്നു എന്നും വേദ ഗ്രന്ഥങ്ങളിലുള്ള ചില ശ്ലോകങ്ങളില്‍ ചന്ദ്രനിലെ ജല സാന്നിദ്ധ്യത്തെ കുറിച്ച് പറയുന്നുണ്ട് എന്നും മാധവന്‍ നായര്‍ സമര്‍ഥിക്കുന്നു. പൈഥഗോറസിന്റെ സിദ്ധാന്തവും ജ്യാമിതിയുമൊക്കെ ഹാരപ്പന്‍ സംസ്‌കാരത്തിന്റെ കാലഘട്ടത്തില്‍ തന്നെ നിലനിന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആധുനിക ശാസ്ത്രത്തില്‍ പറയുന്ന പല കാര്യങ്ങളും ബിസി 1400ല്‍ എഴുതപ്പെട്ട വേദാംഗ ജ്യോതിഷത്തില്‍ പറയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാശ്ചാത്യര്‍ കണ്ടെത്തുന്നതിന് മുമ്പ് വേദങ്ങള്‍ ഇവയെ കുറിച്ച് പറഞ്ഞിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചന്ദ്രനില്‍ വെള്ളമുണ്ടെന്ന് ഭാസ്കരാചാര്യരുടെ കാലത്ത് ആരും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യം തന്നെ വേണ്ടി വന്നു ലോകത്തിന് അത് മനസിലാക്കി കൊടുക്കാന്‍.
ചന്ദ്രയാന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചത് ആര്യഭട്ടന്റെ സമവാക്യങ്ങളായിരുന്നെന്നും മാധവന്‍ നായര്‍ വ്യക്തമാക്കി. വേദങ്ങള്‍ സംസ്‌കൃതത്തിലായതിനാലാണ് പുറംലോകത്തിന് ഇത്തരം കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കാതിരുന്നതെന്നും അക്കാലത്ത് ഗോളാന്തര പഠനങ്ങള്‍ നടത്തിയ ആര്യഭട്ടനും ഭാസ്‌കരാചാര്യനും നമുക്ക് എക്കാലത്തും അഭിമാനിക്കാനുള്ള വക നല്‍കുന്നുവെന്നും മാധവന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :