രാഷ്ട്രപതിയാകാന്‍ ഞാന്‍ ഇല്ല, സംഘത്തില്‍ ചേരുന്നതിന് മുമ്പ് തന്നെ ഇത്തരം ആഗ്രഹങ്ങള്‍ അവസാനിപ്പിച്ചിരുന്നു: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

എന്റെ പേര് രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ന്ന് വന്നാല്‍ പോലും ഞാനത് സ്വീകരിക്കില്ല: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

നാഗ്പുര്‍| Aiswarya| Last Updated: ബുധന്‍, 29 മാര്‍ച്ച് 2017 (15:58 IST)
രാഷ്ട്രപതി സ്ഥാനത്തേക്ക് താന്‍ മത്സരിക്കാനില്ലെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. നാഗ്പൂരില്‍ മറാത്തി പുതുവര്‍ഷമായ ഗുഡി പര്‍വ ആഘോഷ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുന്ന വേളയിലാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

മാധ്യമങ്ങളില്‍ കൂടി താന്‍ രാഷ്ട്രപതിയാകാന്‍ ആഗ്രഹിക്കുന്നതായുള്ള പ്രചാരണങ്ങള്‍ വന്നിരുന്നു. എന്നാല്‍ അത് ഒരിക്കലും നടക്കില്ലെന്നും ഞാന്‍ ആര്‍എസ്എസില്‍ തന്നെ പ്രവര്‍ത്തിക്കുമെന്നും സംഘത്തില്‍ ചേരുന്നതിനു മുമ്പ് തന്നെ ഇത്തരം ആഗ്രഹങ്ങള്‍ താന്‍ അവസാനിപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. എന്റെ പേര് രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ന്ന് വന്നാല്‍ പോലും ഞാനത് സ്വീകരിക്കാന്‍ പോകുന്നില്ല എന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി.

ബിജെപി സഖ്യകക്ഷിയായ ശിവസേനയാണ് കഴിഞ്ഞ ആഴ്ച മോഹന്‍ഭാഗവതിന്റെ പേര് രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചിരുന്നത്. ശിവസേന എംപിയായ സഞ്ജയ് റാവത്താണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളി വാര്‍ത്തകള്‍ വന്നതോടെയാണ് മോഹന്‍ ഭാഗവത് പ്രതികരണവുമായി എത്തിയത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :