കാഠ്മണ്ഡു|
Last Modified ബുധന്‍, 26 നവംബര്‍ 2014 (13:27 IST)
അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണം വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അഭിപ്രായ വ്യത്യാസങ്ങള്‍ സാര്‍ക് രാഷ്ട്രങ്ങളുടെ മുന്നേറ്റത്തിനു തടസമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേപ്പാളിലെ കാഠ്മണ്ഡുവില്‍ ആരംഭിച്ച പതിനെട്ടാമത് സാര്‍ക് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് മുംബൈ ഭീകരാക്രമണം നടന്നതിന്റെ ആറാം വാര്‍ഷികമാണ്. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെക്കുറിച്ചുള്ള വേദന ഇന്നും ഞങ്ങളുടെ ഉള്ളില്‍ തീരാവേദനയായി അവശേഷിക്കുകയാണ്. ഭീകരവാദവും കുറ്റകൃത്യങ്ങളും ചെറുക്കുന്നതിനു സാര്‍ക്ക് രാഷ്ട്രങ്ങള്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ജനങ്ങള്‍ ആഗ്രഹിച്ച വേഗത്തില്‍ മുന്നോട്ടു നീങ്ങാന്‍ സാര്‍ക് രാഷ്ട്രങ്ങള്‍ക്ക് കഴിഞ്ഞില്ല.
അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണം വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. ഒരു നല്ല അയല്‍ക്കാരനുണ്ടെങ്കില്‍ ആഗോളതലത്തില്‍ പല കാര്യങ്ങളും നേടാന്‍ കഴിയും. ഇന്ത്യയും ബംഗാദേശും തമ്മില്‍ റെയില്‍വേ, റോഡ്, വൈദ്യുതി എന്നിവയിലൂടെ പരസ്പര സഹകരണം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും നേപ്പാളും തമ്മില്‍ ഊര്‍ജരംഗത്ത് സഹകരണത്തിന് തുടക്കമിട്ടിട്ടുണ്ടെന്നും മോഡി പറഞ്ഞു.
ഇത്തരത്തില്‍ എല്ലാ ദക്ഷിണേഷ്യന്‍ രാജ്യങ്ങളും തമ്മില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണം. ഇന്ത്യയില്‍ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ട സഹായങ്ങള്‍ നല്‍കും. അതിലൂടെ ഇന്ത്യന്‍ വിപണിയില്‍ ഉല്‍പാദകരായി നിങ്ങള്‍ക്കും കടന്നുവരാമെന്നും മാത്രമല്ല അത് ഇന്ത്യന്‍ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സാര്‍ക്ക് രാജ്യങ്ങളില്‍നിന്നുള്ള രോഗികള്‍ക്ക് ഇന്ത്യ ഉടനടി മെഡിക്കല്‍ വിസ ലഭ്യമാക്കും. വ്യാപാരം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നുമുതല്‍ അഞ്ചുവര്‍ഷം കാലാവധിയുള്ള ബിസിനസ് വിസ നല്‍കും.