മോഡി എന്താകും പറയുക, രാജ്യം കാതോര്‍ക്കുന്നു

ന്യൂഡല്‍ഹി| VISHNU.NL| Last Modified വ്യാഴം, 14 ഓഗസ്റ്റ് 2014 (14:37 IST)

പത്തു വര്‍ഷത്തിനുശേഷം കോണ്‍ഗ്രസുകാരനല്ലാത്ത ഒരു പ്രധാനമന്ത്രി ചെങ്കോട്ടയില്‍ രാജ്യത്തിന്റെ അഭിമാന പതാക ഉയര്‍ത്തുമ്പോള്‍ മാധ്യമങ്ങളും പൊതുജനങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും ഒരേപോലെ കാതോര്‍ക്കുന്നത് ആ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനായിട്ടാകും. ചുവപ്പുകോട്ടയില്‍ നിന്നു രാഷ്ട്രത്തോടു സംസാരിക്കുമ്പോള്‍ എന്തൊക്കെ പ്രഖ്യാപനങ്ങളായിരിക്കും നടത്തുക എന്നതാണു ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ഉറ്റുനോക്കുന്നത്.

വിലക്കയറ്റം നേരിടാന്‍ നടപടികളെടുത്തിട്ടില്ല എന്നും മുന്‍ സര്‍ക്കാരിന്റെ നയങ്ങള്‍ തന്നെയാണ് ഈ സര്‍ക്കാരും നടപ്പിലാക്കുന്നതെന്നുമുള്ള വിമര്‍ശനങ്ങള്‍ക്കിടയിലും അധികം സംസാരിക്കാതെ ഭരണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു പ്രധാനമന്ത്രി പദത്തിലെത്തിയതിനുശേഷം മോഡി ചെയ്തിരുന്നത്. അതിനാല്‍ എന്താണ് മോഡിക്ക് രാഷ്ട്രത്തോട് പറയാനുള്ളതെന്ന് എല്ലാവരും ഉറ്റുനോക്കുന്നു.

കേന്ദ്രസര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രധാനമന്ത്രി അതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും നടത്തുമെന്നാണു കരുതുന്നത്. അടുത്തു വരുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമാക്കി ചില ജനപ്രിയ പരിപാടികളും പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. വിലക്കയറ്റം തടയാനുള്ള ചില പ്രഖ്യാപനങ്ങളും പ്രസംഗത്തില്‍ ഉള്‍പ്പെട്ടേക്കും.

പ്രസംഗത്തില്‍ മോഡി ഭാരതരത്നം ബഹുമതികള്‍ പ്രഖ്യാപിച്ചേക്കും എന്നു ശ്രുതിയുണ്ട്. സുഭാഷ് ചന്ദ്രബോസ്, അടല്‍ ബിഹാരി വാജ്പേയി എന്നിവര്‍ക്കു ഭാരതരത്നം നല്‍കുമെന്നാണ് അഭ്യൂഹം.

രാജ്യത്തു ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവരെക്കൂടി ബാങ്കിങ്ങിന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള ബൃഹത് പദ്ധതി സര്‍ക്കാര്‍ തയാറാക്കിവരികയാണ്. ഇതു സംബന്ധിച്ച പ്രസ്താവനകളും പ്രസംഗത്തിലുണ്ടാകും.

മാധ്യമങ്ങളെ ഭരണമേഖലയില്‍നിന്ന് അകറ്റിനിര്‍ത്തുന്ന മോഡിയുടെ നയം മൂലം സര്‍ക്കാരിന്റെ നല്ല നടപടികള്‍പോലും വേണ്ടത്ര പ്രാധാന്യത്തോടെ ജനങ്ങളിലേക്ക് എത്തുന്നില്ലെന്ന തോന്നല്‍ വ്യാപകമായുണ്ട്. സ്വാതന്ത്ര്യദിനത്തിന്റെ പ്രഖ്യാപനങ്ങള്‍ ഈ വസ്തുതകള്‍കൂടി കണക്കിലെടുത്തുകൊണ്ടാവും എന്നു കരുതുന്നുണ്ട്

നരേന്ദ്രമോഡി മന്ത്രിസഭയിലെ നാല് മന്ത്രിമാര്‍ ചേര്‍ന്ന് തയ്യാറാക്കിയ പ്രസംഗമാണ്
പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നടത്തുക. ഇതിനു വേണ്ടി പ്രത്യേകം നിര്‍ദേശങ്ങള്‍ മന്ത്രിമാരില്‍നിന്ന് തേടിക്കഴിഞ്ഞു. നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, മാനവശേഷി മന്ത്രി സ്മൃതി ഇറാനി, വളം മന്ത്രി അനന്തകുമാര്‍, ഊര്‍ജമന്ത്രി പീയൂഷ് ഗോയല്‍ എന്നിവരെയാണ് മോഡി പ്രസംഗം തയ്യാറാക്കാനായി നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ സമിതി യോഗം ചേര്‍ന്നു പ്രസംഗത്തില്‍ ഉള്‍ക്കൊള്ളിക്കാവുന്ന വിഷയങ്ങളും പ്രഖ്യാപനങ്ങളും വിലയിരുത്തിയിരുന്നു.

എഴുതിത്തയാറാക്കിയ പ്രസംഗം വേണ്ടെന്നും തല്‍ക്ഷണപ്രസംഗം മതിയെന്നുമാണു പ്രധാനമന്ത്രി മോദി ആദ്യം അഭിപ്രായപ്പെട്ടത്. എന്നാല്‍, ഇത് ഉചിതമല്ലെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. സാധാരണയായി നയതന്ത്ര പ്രതിനിധികള്‍ ചുവപ്പുകോട്ടയിലെ പ്രസംഗം കേള്‍ക്കാന്‍ എത്താറുണ്ട്. പ്രധാനമന്ത്രി ഹിന്ദിയില്‍ സംസാരിക്കുമ്പോള്‍ അതിന്റെ ഇംഗിഷ് പരിഭാഷ നയതന്ത്ര പ്രതിനിധികള്‍ക്കു മുന്‍കൂര്‍ നല്‍കാറുണ്ട്. മോദി സ്വാഭാവികമായും ഹിന്ദിയില്‍ത്തന്നെയാവും സംസാരിക്കുക. ആ നിലയ്ക്ക് എഴുതിത്തയാറാക്കിയ പ്രസംഗമാവും നല്ലതെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :