ന്യൂഡല്‍ഹി|
vishnu|
Last Modified ചൊവ്വ, 15 ജൂലൈ 2014 (18:23 IST)
ഗൌരവകരമായ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന പ്രായപൂര്‍ത്തിയാകാത്തവര്‍ക്കായി ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ ആവശ്യമെങ്കില്‍ മാറ്റംവരുത്തണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. പശ്ചിമ ബംഗാളിലെ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയുള്‍പ്പെട്ട കൊലപാതകക്കേസ് പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദേശം.
മാനഭംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക്
ശിക്ഷ തീരുമാനിക്കുന്നതിന് പ്രായംമാത്രം മാനദണ്ഡമാക്കണമോയെന്നാണ് കോടതി ചോദിച്ചത്.കുറ്റവാളികള്‍ക്ക് അവകാശങ്ങളുള്ളതുപോലെ ഇരകള്‍ക്കും അവകാശങ്ങളുണ്ടെന്നും അതിനാല്‍ സെപ്റ്റംബര്‍ ഒന്‍പതിനു കേന്ദ്രസര്‍ക്കാര്‍ നിലപാടറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ജസ്റ്റിസുമാരായ ദീപക് മിശ്ര, വി ഗോപാല്‍ഗൌഡ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രസര്‍ക്കാരിനോട് ഈ കാര്യം ആവശ്യപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നല്‍കേണ്ട ശിക്ഷയുമായി ബന്ധപ്പെട്ട് ഡല്‍ഹി കൂട്ടമാനഭംഗക്കേസ് നടക്കുന്നതോടെയാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്.
ഇതില്‍ സുപ്രീം കോടതിയുടെ ഇട്പെടല്‍ ഉണ്ടായതൊടെ ചര്‍ച്ചകള്‍ വീണ്ടും സജീവമായി. ഗൌരവമുള്ള കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന പ്രായപൂര്‍ത്തിയാകാത്തവരെ മുതിര്‍ന്ന വ്യക്തികളായി പരിഗണിച്ച് ശിക്ഷ നല്‍കണമെന്ന് കേന്ദ്രമന്ത്രി മേനകാ ഗാന്ധിയും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.