മെര്‍സലില്‍ പറയുന്നത് ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍; ബിജെപിയുടെ ആവശ്യത്തിന് മുന്നില്‍ മുട്ടുമടക്കരുത് - പാ രഞ്ജിത്

മെര്‍സലില്‍ പറയുന്നത് ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍: പാ രഞ്ജിത്

  Mersal controversy , Mersal , Pa Ranjith , mersal row, mersal protest, bjp, tamil nadu , Vijay , മെര്‍‌സല്‍ , പാ രഞ്ജിത് , ജിഎസ്ടി , കബാലി , പാ രഞ്ജിത് , ബിജെപി , വിജയ്
ചെന്നൈ| jibin| Last Modified വെള്ളി, 20 ഒക്‌ടോബര്‍ 2017 (19:44 IST)
ബിജെപിയുടെ ആവശ്യം പരിഗണിച്ച് മെര്‍സലില്‍ നിന്നും ഭാഗങ്ങള്‍ നീക്കം ചെയ്യരുതെന്ന് കബാലിയുടെ
സംവിധായകന്‍ പാ രഞ്ജിത്. രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് വിജയ് നായകനായ മെര്‍സലിലുള്ളത്. ആ രംഗങ്ങള്‍ക്ക് പ്രേക്ഷകരില്‍നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതീക്ഷകളോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ജിഎസ്ടിയേയും ഡിജിറ്റല്‍ ഇന്ത്യയേയും പരാമര്‍ശിക്കുന്ന സീനുകള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ ആവശ്യം അംഗീകരിച്ച് ജിഎസ്ടിയേയും ഡിജിറ്റല്‍ ഇന്ത്യയേയും പരാമര്‍ശിക്കുന്ന സീനുകള്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍, സീനുകള്‍ നീക്കം ചെയ്‌തതായുള്ള അറിയിപ്പുകളൊന്നും സംവിധായകൻ അറ്റ്ലിയിൽ നിന്നോ നായകന്‍ വിജയില്‍ നിന്നോ ലഭ്യമായിട്ടില്ല.

ചിത്രത്തിലെ മോശം പരാമര്‍ശങ്ങള്‍ ജനങ്ങളിലേക്ക് തെറ്റായ കാര്യങ്ങള്‍ എത്തിക്കാന്‍ കാരണമാകുമെന്ന് തമളിസൈ സൗന്ദരരാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍, ചിത്രത്തിനെതിരെ ബിജെപി രംഗത്ത് എത്തിയതോടെ കൂടുതല്‍ പിന്തുണ സിനിമയ്‌ക്ക് ലഭ്യമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

“മെര്‍സലിലെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിലെ സീനുകള്‍ നീക്കം ചെയ്യണം. രാഷ്ട്രീയ മോഹങ്ങള്‍ ലക്ഷ്യം വെച്ചാണ് വിജയ് ഈ ഭാഗങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. കലാകാരന്മാര്‍ക്ക് ആവിഷ്‌കാര സ്വാതന്ത്യമുണ്ടെങ്കിലും തെറ്റായ പരാമര്‍ശങ്ങള്‍ ദോഷം ചെയ്യും. രാജ്യത്തെ മറ്റൊരു രാജ്യവുമായി താരതമ്യം ചെയ്യുന്ന ഭാഗം ചിത്രത്തിലുണ്ട്. ജനങ്ങളുടെ മനസില്‍ തെറ്റായ സന്ദേശം നല്‍കാന്‍ ഇത് കാരണമാകും ”- എന്നും തമളിസൈ സൗന്ദരരാജന്‍ വ്യക്തമാക്കിയിരുന്നു.

മെര്‍സലിലെ രണ്ട് രംഗങ്ങളാണ് ബിജെപിയെ ചൊടിപ്പിച്ചത്. വിദേശത്തുവെച്ച് വടിവേലു ചെയ്‌ത കഥാപാത്രത്തെ
പോക്കറ്റടിക്കാന്‍ ഒരു ശ്രമം നടക്കുന്നുണ്ട്. അപ്പോള്‍ വടിവേലു തന്റെ കാലിയായ പെഴ്സ് തുറന്നു കാട്ടി, ഡിജിറ്റല്‍ ഇന്ത്യ കാരണം പോക്കറ്റ് കാലിയാണെന്നും അതിനാല്‍ നന്ദിയുണ്ടെന്നും പറയുന്നതാണ് ഒരു ഭാഗം.



വിജയ് കഥാപാത്രം ഇന്ത്യയിലെ ജിഎസ്ടി 28 ശതമാനം വരെയാകുമ്പോള്‍ സിങ്കപ്പൂരില്‍ ഇത് ഏഴ് ശതമാനമാണെന്നും അവിടെ ജനങ്ങള്‍ക്ക് സൗജന്യ ചികിത്സയടക്കമുള്ള കാര്യങ്ങള്‍ ലഭിക്കുമ്പോള്‍ ഇന്ത്യയില്‍ ഒന്നുമില്ലെന്നും പറയുന്നുണ്ട്. ഈ രണ്ടു ഭാഗങ്ങളാണ് ബിജെപിയുടെ ഇഷ്‌ടക്കേടിന് കാരണമായത്. നിരവധി ബിജെപി നേതാക്കള്‍ ട്വിറ്റര്‍ വഴിയും നേരിട്ടും പ്രതിഷേധവുമായി എത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :