ന്യൂഡൽഹി|
jibin|
Last Modified തിങ്കള്‍, 11 ഡിസംബര്‍ 2017 (19:27 IST)
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പാകിസ്ഥാൻ ഇടപെടൽ നടന്നുവെന്ന് ആരോപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രംഗത്ത്. മോദിയുടെ പ്രസ്താവന പച്ചക്കള്ളവും വ്യാജനിർമിതിയുമാണ്. അസത്യം പ്രചരിപ്പിക്കുന്നത് അദ്ദേഹം അവസാനിപ്പിക്കണം. താൻ വഹിക്കുന്ന പദവിയുടെ മഹത്വത്തെക്കുറിച്ച് മോദി മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി പ്രധാനമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് നരേന്ദ്ര മോദി നടത്തുന്ന പരാമർശങ്ങൾ വേദനിപ്പിക്കുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ തോല്‍ക്കുമെന്ന ഭയം മൂലമാകാം അദ്ദേഹം അസത്യം പറയുന്നത്. വിവേകത്തോടെ പെരുമാറാന്‍ അദ്ദേഹം ശ്രമിക്കണം. മുൻ പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, സൈനിക മേധാവി തുടങ്ങിയവരെ അവഹേളിക്കാനുള്ള ശ്രമമാണ് മോദിയിൽ നിന്നുണ്ടായതെന്നും മൻമോഹൻ സിംഗ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫിസിന്റെ മഹത്വം കാത്തുസൂക്ഷിക്കാൻ വേണ്ടിയെങ്കിലും തെറ്റുകള്‍ തിരിച്ചറിഞ്ഞ് മോദി രാജ്യത്തോടു മാപ്പു പറയണം. വില കുറഞ്ഞ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി രാജ്യത്തിന്റെ പ്രധാനമന്ത്രി ഇത്തരം പ്രസ്താവനകൾ നടത്തരുത്. അദ്ദേഹം കാമ്പില്ലാത്ത വിമർശനങ്ങൾ ഉന്നയിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും മന്മോഹന് സിംഗ് ചോദിച്ചു.
ദേശീയത സംബന്ധിച്ച് കോണ്‍ഗ്രസിന് ബിജെപിയുടെയോ മോദിയുടെയോ ഉപദേശം ആവശ്യമില്ല. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ബിജെപി നടത്തിയ വിട്ടുവീഴ്ചകൾ എല്ലാവർക്കും അറിവുള്ളതാണ്. ഉദംപൂരിലും ഗുർദാസ്പുരിലുമെല്ലാം ഭീകരാക്രമണമുണ്ടായപ്പോൾ ആരുടെയും ക്ഷണമില്ലാതെ പാകിസ്ഥാനിൽ പോയ ആളാണ് മോദി. അത് എന്തിനായിരുന്നുവെന്ന് ജനങ്ങളോട് മോദി വെളിപ്പെടുത്തണമെന്നും മൻമോഹൻ ആവശ്യപ്പെട്ടു.