മ‌ൻമോഹൻ സിങിന്റെ എസ്‌പിജി സുരക്ഷ കേന്ദ്രസർക്കാർ പിൻവലിച്ചു; ഇനി സിആർപിഎഫ് സുരക്ഷ മാത്രം

സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് മുന്‍ പ്രധാനമന്ത്രിമാര്‍ക്കും കുടുംബത്തിനും എസ്പിജി സുരക്ഷ നല്‍കിയിരുന്നത്.

Last Modified തിങ്കള്‍, 26 ഓഗസ്റ്റ് 2019 (11:06 IST)
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ എസ്പിജി സുരക്ഷ പിന്‍വലിച്ചു. അദ്ദേഹത്തിന് സിആര്‍പിഎഫിന്റെ സുരക്ഷ നല്‍കാനാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാ ഏജന്‍സികളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ പതിവ് വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് മുന്‍ പ്രധാനമന്ത്രിമാര്‍ക്കും കുടുംബത്തിനും എസ്പിജി സുരക്ഷ നല്‍കിയിരുന്നത്. എസ്പിജി സുരക്ഷ ആവശ്യമില്ലെന്ന് മന്‍മോഹന്‍ സിങ്ങിന്റെ മക്കള്‍ നേരത്തെ അറിയിച്ചിരുന്നു.സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ തനിക്ക് ആശങ്കയൊന്നുമില്ലെന്നും സര്‍ക്കാറിന്റെ തീരുമാനത്തെ അംഗീകരിക്കുമെന്നും മന്‍മോഹന്‍ സിങ് അറിയിച്ചതായാണ് വിവരം.

പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് എസ്പിജി സുരക്ഷയാണ് നല്‍കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :