ഡിഎംകെ പാലം വലിച്ചു; മൻമോഹൻ സിങിന് തമിഴ്‌നാട്ടിൽ സീറ്റില്ല; ഡിഎംകെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു,വൈകോയും രാജ്യസഭയിലേക്ക്

എന്നാല്‍ ആകെയുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലും ഡിഎംകെ ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് തമിഴ്‌നാട്ടില്‍ നിന്ന് മന്‍മോഹന്‍ സിംഗിനെ രാജ്യസഭയിലെത്തിക്കാനുള്ള വഴിയടഞ്ഞത്.

Last Modified തിങ്കള്‍, 1 ജൂലൈ 2019 (14:15 IST)
തമിഴ്‌നാട്ടില്‍ നിന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ രാജ്യസഭയിലെത്തിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തിന് തിരിച്ചടി. ഡിഎംകെ സീറ്റില്‍ മന്‍മോഹന്‍ സിംഗിനെ രാജ്യസഭയിലെത്തിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യം. എന്നാല്‍ ആകെയുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലും ഡിഎംകെ ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് തമിഴ്‌നാട്ടില്‍ നിന്ന് മന്‍മോഹന്‍ സിംഗിനെ രാജ്യസഭയിലെത്തിക്കാനുള്ള വഴിയടഞ്ഞത്.

എംഡിഎംകെ അദ്ധ്യക്ഷന്‍ വൈകോ, മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ പി. വില്‍സൺ‍, ഡിഎംകെയുടെ ലേബര്‍ പ്രോഗ്രസീവ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം. ഷണ്‍മുഖം എന്നിവരാണ് ഡിഎംകെയുടെ സ്ഥാനാര്‍ത്ഥികൾ.

ഇക്കുറി മന്‍മോഹന് അസമില്‍ നിന്ന് രാജ്യസഭയിലെത്താന്‍ സാഹചര്യമില്ലാതിരിക്കെ തമിഴ്നാട്ടില്‍ നിന്ന് മത്സരിക്കാമെന്നായിരുന്നു തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡിഎംകെ നേതാവ് എം കെ സ്റ്റാലിനും ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. അസമില്‍ വേണ്ടത്ര നിയമസഭാംഗങ്ങളില്ലത്തതു കൊണ്ടാണ് മന്‍മോഹന്‍സിംഗിന് തിരിച്ചടിയായത്. 1991 മുതല്‍ അസമില്‍ നിന്നുമാണ് മന്‍മോഹന്‍ രാജ്യസഭയിലെത്തിയിട്ടുള്ളത്.

രാജ്യസഭാ സീറ്റിനു പകരം അടുത്തു തന്നെ ഉപതരിഞ്ഞെടുപ്പ് നടക്കുന്ന നങ്കുന്നേരി സീറ്റ് വിട്ടു നല്‍കാമെന്നായിരുന്നു കോണ്‍ഗ്രസ് – ഡി.എം.കെ ധാരണ. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഏഴ് എംഎൽഎമാർ മാത്രമാണുള്ളത്.

അസമിലെ 126 അംഗ നിയമസഭയില്‍ 25 എംഎൽഎമാരാണുള്ളത് കോണ്‍ഗ്രസിനുള്ളത്. ബിജെപി, അസം ഗണപരിഷത്ത്, ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് എന്നിവരുടെ സഖ്യത്തിന് 87 അംഗങ്ങളുമുണ്ട്. കൂടാതെ ഭരണകക്ഷിയെ പിന്തുണയ്ക്കുന്ന ഒരു സ്വതന്ത്ര എം.എല്‍എയും ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ 12 എംഎൽഎമാരുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :