നയതീരുമാനങ്ങള്‍ കോടതി വിലക്കി, മാഞ്ചിക്ക് വീണ്ടും ഇരുട്ടടി

മാഞ്ചി, ബീഹാര്‍, കോടതി
പാറ്റ്‌ന| vishnu| Last Modified തിങ്കള്‍, 16 ഫെബ്രുവരി 2015 (18:46 IST)
പാര്‍ട്ടി പുറത്താക്കിയിട്ടും അധികാരത്തില്‍ തുടരുന്ന മാഞ്ചിക്ക് പാറ്റ്ന ഹൈക്കോടതിയുടെ തിരിച്ചടി. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നത്‌ വരെ നയപരമായ തീരുമാനങ്ങള്‍ എടുക്കരുതെന്ന് മാഞ്ചിയോട് പാറ്റ്ന ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കോടതി വിധിയോടെ ബീഹാറിലെ രാഷ്ട്രീയ പ്രതിസന്ധിക്കു ശേഷം മാഞ്ചി എടുത്ത നടപടികള്‍ റദ്ദാകും. സംസ്‌ഥാനത്തെ പ്രബല സമുദായമായ പാസ്വാന്‍ വിഭാഗത്തെ മഹാദളിത്‌ പട്ടികയിലേക്ക്‌ ഉയര്‍ത്തിക്കൊണ്ട്‌ മാഞ്ചി കഴിഞ്ഞ ദിവസം ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു.

ഈ ഉത്തരവ് നടപ്പിലാക്കാന്‍ ഇനി കോടതിയുടെ വിധി തടസമാകും. പസ്വാന്‍ സമുദായത്തില്‍ പെട്ട മറ്റ്‌ പാര്‍ട്ടികളില്‍ നിന്നുമുള്ള എം‌എല്‍‌എമാരെ കൂടെ നിര്‍ത്തുന്നതിന്റെ ഭാഗമായാണ് മാഞ്ചി ഈ നീക്കം നടത്തിയത്. നേരത്തെ നിതീഷ്‌ കുമാര്‍ മുഖ്യമന്ത്രിയായിരിക്കെ പാസ്വാന്‍ വിഭാഗത്തെ മഹാദളിത്‌ വിഭാഗത്തില്‍ നിന്ന്‌ ഒഴിവാക്കിയിരുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ നിതീഷിനോട് അതൃപ്തിയുള്ള പസ്വാന്‍ വിഭാഗത്തിന്റെ പിന്തുണ ഉറപ്പാകുകയായിരുന്നു മാഞ്ചിയുടെ ലക്ഷ്യം.

ഈ മാസം 20നാണ്‌ മാഞ്ചി നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടത്‌. ഗവര്‍ണറുടെ നയപ്രഖ്യാനം കഴിഞ്ഞ് ഉടന്‍ തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി മാഞ്ചിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിതീഷ്‌ കുമാറിന്‌ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ തിരിച്ചു വരുന്നതിന്‌ മാഞ്ചി രാജിവയ്‌ക്കണമെന്ന ആവശ്യം അദ്ദേഹം തള്ളിയതിനെ തുടര്‍ന്നാണ്‌ ബീഹാറില്‍ രാഷ്‌ട്രീയ പ്രതിസന്ധി ഉടലെടുത്തത്‌.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :