ന്യൂഡൽഹി|
സുബിന്‍ ജോഷി|
Last Modified ശനി, 30 മെയ് 2020 (20:00 IST)
സംസ്ഥാനം കടന്നും ജില്ല കടന്നുമുള്ള യാത്രകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നൽകി. ഇത്തരം യാത്രകള്‍ക്ക് മുൻകൂർ അനുമതിയോ ഇ–പാസോ ആവശ്യമില്ല. എന്നാല്‍, സാഹചര്യം വിലയിരുത്തി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. അതേസമയം രാത്രിയാത്രാ നിരോധനം തുടരുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രാത്രി ഒമ്പതുമണി മുതൽ രാവിലെ അഞ്ചുമണിവരെ യാത്രാ നിരോധനം ഉണ്ടായിരിക്കും.
ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും ഹോട്ടലുകളും റസ്റ്ററന്റുകളും ജൂൺ എട്ടുമുതൽ തുറന്നു പ്രവര്‍ത്തിക്കും. ഇതിനും കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ടാകും.
സ്കൂളുകളും കോളേജുകളും ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ രണ്ടാംഘട്ടത്തിലായിരിയ്ക്കും തുറക്കുക. ഇക്കാര്യത്തിൽ സംസ്ഥനങ്ങളോട് ആലോചിച്ച ശേഷമായിരിക്കും തിരുമാനമെടുക്കുക. രാജ്യാന്തര യാത്രകൾ ഉൾപ്പടെ മൂന്നാംഘട്ടത്തിൽ അനുവദിക്കും.
ജിംനേഷ്യം, സ്വിമ്മിങ് പൂൾ, സിനിമാ തിയറ്റർ, പാർക്കുകൾ എന്നിവയുടെ പ്രവർത്തനം തുടങ്ങുന്ന കാര്യം മൂന്നാം ഘട്ടത്തിൽ തീരുമാനിക്കും. മെട്രോ റെയിൽ പ്രവർത്തനത്തിന്‍റെ കാര്യത്തിലും അതുതന്നെയാണ് തീരുമാനം.