മേയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് പുതിയ മാനം... മരുന്നുല്പാദനത്തില്‍ രാജ്യം സ്വയം പര്യാപ്തതയിലേക്ക്

ന്യൂഡല്‍ഹി| VISHNU N L| Last Modified തിങ്കള്‍, 16 നവം‌ബര്‍ 2015 (17:35 IST)
മേയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് വിപ്ലവകരമായ പുതിയ മാനം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇന്ത്യയെ ആഗോള മരുന്നുല്പാദനത്തിന്റെ കേന്ദ്രമായി മാറ്റുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി. മരുന്നു ഉല്‍പ്പാദനരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് പാക്കേജ് പ്രഖ്യാപിച്ച് ആഭ്യന്തര മരുന്നു ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

ഈ രംഗത്ത് ചൈനയുടെ അപ്രമാദിത്വം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കം. നിലവില്‍ രാജ്യത്തേക്കുള്ള മരുന്നു ഇറക്കുമതിയുടെ 85 ശതമാനവും ചൈനയില്‍ നിന്നുമാണ്. ഇത്തരം ആശ്രയത്വം ഒഴിവാക്കാന്‍ മൂന്നു ക്ലസറ്ററുകള്‍ക്ക് രൂപം നല്‍കാനും സര്‍ക്കാരിന് ആലോചനയുണ്ട്. മരുന്നു ചേരുവകകളുടെ ഉല്‍പ്പാദനത്തിന് മെഗാ പാര്‍ക്കുകള്‍ക്ക് രൂപം നല്‍കണമെന്നത് ഉള്‍പ്പെടെയുളള മുന്‍ ആരോഗ്യ സെക്രട്ടറി വിഎം കറ്റോച്ചിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

ഇതിന്റെ ഭാഗമായി പ്രധാന മരുന്നുകളുടെ ചേരുവകകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് രണ്ടു പൊതുമേഖല കമ്പനികളെ പുനരുദ്ധരിക്കും. ആരോഗ്യ മേഖലയില്‍ ഏറ്റവും നിര്‍ണായകമായ പാരസെറ്റമോള്‍, പെന്‍സിലിന്‍ എന്നിവയുടെ ഉല്‍പ്പാദനത്തിനാണ് മുഖ്യമായി പൊതുമേഖല കമ്പനികളെ നവീകരിക്കുന്നത്. കൂടാതെ ഇന്ത്യയില്‍ മരുന്നുല്പാദിപ്പിക്കാന്‍ രാജ്യാന്തര കമ്പനികളെ ക്ഷണിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

മരുന്ന് നിര്‍മ്മാണത്തിനായി ആവശ്യമായ ചേരുവകളുടെ ഇറക്കുമതി വര്‍ധിച്ചതാണ് കേന്ദ്രസര്‍ക്കാരിനെ പുതിയ നടപടിക്ക് പ്രേരിപ്പിക്കുന്നത്. 2004-05 സാമ്പത്തികവര്‍ഷത്തില്‍ 80 കോടി ഡോളറായിരുന്ന ഇറക്കുമതി കഴിഞ്ഞ സാമ്പത്തികവര്‍ഷമായപ്പോള്‍ 390 കോടി ഡോളറായി ഉയര്‍ന്നു. ഇതില്‍ ഭൂരിഭാഗവും ചൈനയില്‍ നിന്നായിരുന്നു. മരുന്നിനായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് സര്‍ക്കരിന്റെ പ്രധാന പരിഗണന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :